കോഴിക്കോട്: കഴിഞ്ഞ ഏപ്രിൽ 28 -നു മുതൽ കോവിഡ് രണ്ടാം തരംഗത്തിൻറെ വ്യാപനം രൂക്ഷമായതിനെ തുടർന്നുള്ള ഗൾഫ് യാത്ര നിരോധനം കാരണം കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രവാസി മലയാളികളുടെ സമ്പാദ്യങ്ങൾ തങ്ങളുടെ കുടുംബത്തിനയച്ചു കൊടുക്കുന്ന പണമാണ് കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്കു അടിസ്ഥാനം. ഇന്ന് വ്യാപാര മേഖലയും സമ്പൂർണമായും പ്രതിസന്ധിയിലാണ്. അതോടൊപ്പം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയ യു.എ.ഇ . ഗവൺമെന്റിന്റെ നയം പുനഃപരിശോധിക്കാത്തതിനാലും യാത്ര നിരോധനം ഇപ്പോൾ 3 മാസം പിന്നിട്ടിരിക്കയാലും നാട്ടിലുള്ള ലക്ഷകണക്കിന് പ്രവാസികൾക്ക് തിരിച്ചു പോകാൻ സാധിക്കാതെ ജോലി നഷ്ടമായികൊണ്ടിരിക്കയാണ്. അതുപോലെ ഇപ്പോൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവർ നാട്ടിലേക്കു വരാൻ സാധിക്കാതെ കഠിനമായ മാനസിക സമ്മർദ്ദത്തിലാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ കേരള ഗവൺമെൻറ് അടിയന്തിരമായി വിദേശ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തിയും അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ ശ്രീ എം.എ. യൂസഫലി വഴിയും യു. എ. ഇ. ഗവൺമെന്റുമായി സംസാരിച്ചു യാത്ര നിരോധനം അടിയന്തിരമായി ഒഴിവാക്കാൻ മുൻകൈ എടുക്കണമെന്നു കേരളം മുഖ്യമന്ത്രി, കേന്ദ്ര വിദേശ കാര്യാ സഹമന്ത്രി മുരളീധരനും, ഐ .ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർക്കു അയച്ച നിവേദനത്തിലൂടെ മലബാർ ചേംബർ പ്രസിഡണ്ട് അഭ്യർത്ഥിച്ചു