local

കാട്ടുപന്നി അക്രമണം: ക്ഷുദ്രജീവി പട്ടികയില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് സംരക്ഷണമൊരുക്കണം – എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: ജില്ലയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളില്‍നിന്ന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു.

കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിലെ വനാതിര്‍ത്ഥിയില്‍ നിന്ന് ഏറെ അകലെയുള്ള കര്‍ഷകന്റെ വീട്ടില്‍ കാട്ടുപന്നി അതിക്രമിച്ച് കയറി നശനഷ്ടങ്ങള്‍ വരുത്തിയതിന്റെയും, ജില്ലയിലെ ചക്കിട്ടപ്പാറ, കട്ടിപ്പാറ, മാവൂര്‍, ചാത്തമംഗലം, കൊടിയത്തൂര്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിലെ കാര്‍ഷിക മേഖലകളിലും നിരന്തരം കാട്ടുപന്നി ആക്രമണം ഉണ്ടാവുന്നതിന്റെയും പശ്ചാത്തലത്തിലാണ് വിഷയം ഗൗരവകരമായി പരിഗണിക്കണമെന്ന് മന്തിയോട് ആവശ്യപ്പെട്ടത്.

കാട്ടുപന്നിയുടെ അക്രമണത്തില്‍ ജീവന്‍ പോലും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. അക്രമണത്തില്‍ നശിച്ചു പോകുന്ന കാര്‍ഷിക വിളകളുടെ നഷ്ടം ഇപ്പോഴത്തെ കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്.

2019 ഡിസംബറില്‍ വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രകാരം കര്‍ഷകരുടെ വിളകള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്ന വന്യ മൃഗങ്ങളെ ക്ഷുദ്രജീവി പട്ടികയിലുള്‍പ്പെടുത്താമെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ കാട്ടുപന്നികള്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം ഷെഡ്യൂള്‍ 3 ല്‍ ഉള്‍പ്പെടുന്ന സാഹചര്യത്തെ മുന്‍ നിര്‍ത്തി ക്ഷുദ്രജീവി പട്ടികയിലുള്‍പ്പെടുത്തുന്നത് നീണ്ടു പോകുകയാണ്.

കൂടാതെ ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ കമ്മറ്റി 2014 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കാട്ടുപന്നി മനുഷ്യജീവന് തന്നെ ആപത്താകുന്ന സ്ഥിതിയില്‍ ഇവയെ ഇല്ലായ്മ ചെയ്യുന്നത് നിയമവിരുദ്ധ പ്രക്രിയയല്ല എന്നും ചൂണ്ടിക്കാട്ടുന്നു.

29.65 ശതമാനം വനപ്രദേശം വരുന്ന കേരളത്തിലെ വനാതിര്‍ത്ഥിയോട് ചേര്‍ന്നുള്ള കര്‍ഷകര്‍ നിരന്തരമുള്ള അക്രമണത്താല്‍ ആത്മഹത്യവക്കിലാണ് ഇതു മുന്‍ നിര്‍ത്തി ഇവയെ താത്കാലികമായി ഷെഡ്യൂള്‍ മൂന്നില്‍ നിന്നും അഞ്ചിലേക്ക് മാറ്റി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പ്വരുത്തണമെന്നും എം പി അവശ്യപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close