വയനാട്: ഹാരപ്പന്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ഗുജറാത്തിലെ ധോലവീര, തെലങ്കാനയിലെ വാറങ്കലിലുള്ള രാമപ്പക്ഷേത്രം എന്നിവ കഴിഞ്ഞ ദിവസം യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ചരിത്രമുറങ്ങുന്ന കേരളത്തിലെ എടക്കല്‍ ഗുഹകള്‍ അധികൃതരുടെ അവഗണനയേറ്റ് കിടക്കുന്നു. യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഇന്ത്യയിലെ നാല്പത് ചരിത്ര ഇടങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്.
ബി സി ആയിരം കാലഘട്ടത്തിലെ ലിപികളും ചിത്രങ്ങളും കാണപ്പെടുന്ന എടക്കുല് ഗുഹകള്‍ക്ക് സമാനമായി ദക്ഷിണേന്ത്യയില്‍ മറ്റൊരു ചരിത്ര ഗുഹകളില്ല. സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് നാലായിരം അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളില്‍ ഒരു വലിയ പാറയില്‍ രൂപപ്പെട്ട വിള്ളലില്‍ മുകളില്‍ നിന്ന് വീ ണുറച്ച കൂറ്റന്‍ പാറയാണ് മനുഷ്യനിര്‍മ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിച്ചത്. പശ്ചിമഘട്ടവും പൂര്‍വ ഘട്ടവും കൂടിച്ചേരുന്ന നീലഗിരിയുടെ ഭാഗമായ ഗൂഡല്ലൂര്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്താണ്
എടക്കല്‍ മലയും ഗുഹയും സ്ഥിതി ചെയ്യുന്നത്.
ഇറാന്, ഇറാഖ്, കിഴക്കന്‍ തുര്‍ക്കി പ്രദേശങ്ങളിലെ മലനിരകളായ സാഗ്രോസിലാണ് എടക്കല്‍ ഗുഹകള്‍ക്ക് സമാനമായ പ്രകൃതിജന്യമായ ചരിത്ര ഇടങ്ങളുള്ളത്. അവയെല്ലാം ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുമ്പോള്‍ വയനാട്ടിലെ എടക്കല്‍ ഗുഹകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനുള്ള ശ്രമം പോലും ഉണ്ടാകുന്നില്ലെന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ് ചരിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അബ്രഹാം ബെന്ഹര് പറഞ്ഞു.
മഹാശിലാ സംസ്കാരത്തിന്റെ ഭാഗമാണ് വയനാട്ടിലെ അമ്പുകുത്തി മലയിലെ എടക്കല്‍ ഗുഹകള്‍. സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍, ബുദ്ധകാലത്തെ അടയാളപ്പെടുത്തുന്ന പാലി ലിപികള്‍ ഗുഹാ ചുമരുകളിലുണ്ട്. അനേകം പുലികളെ കൊന്നു എന്നര്‍ഥം വരുന്ന ലിപികള്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലായി അനേകം മനുഷ്യര്‍ വസിച്ചു പോന്ന ഇടമായി ഇതിനെ വിലയിരുത്തുന്നു. ഗുഹകള്‍ക്ക് താഴെ ബി സിയിലെ ജൂതക്കല്ലറകളുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ വയനാട് ഭരിച്ചിരുന്ന കാദംബരാജാവായ വിഷ്ണുവര്‍മ്മന്റെ ഒരു ലിഖിതം എടക്കല്‍ ഗുഹയിലുണ്ട്. അത് ഇങ്ങനെ വായിക്കാം:
‘ശ്രീ വിഷ്ണുവര്‍മ്മ കുടു:ബിയ, കൂല വര്‍ദ്ധന സ്യ:’ ബെന്ഹര് പറയുന്നു.
പുരാതന കാലത്ത് വനവിഭവങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കലവറയായി ഈ ഗുഹയെ ഉപയോഗിച്ചിരിക്കാം. ഗുഹാകവാടം അടച്ചുകഴിഞ്ഞാല്‍ വന്യജീവികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന പ്രത്യേകതയും എടക്കല്‍ ഗുഹക്കുണ്ട്. മാത്രമല്ല, പാറക്ക് മുകളില്‍ വേനല്‍കാലത്തും വെള്ളക്കെട്ടുണ്ടാകും. ഒരിക്കലും വറ്റാത്ത നീരുവറ എടക്കല്‍ ഗുഹകളെ അതി പുരാതന കാലം മുതലേ മനുഷ്യവാസത്തിന് യോഗ്യമാക്കുന്നു. എന്ന് കരുതി ഇവിടെ കുടുംബമായി ജീവിതം നയിക്കപ്പെട്ടിട്ടില്ല. പട്ടാളക്കാര്‍, വ്യാപാര സംഘത്തിലെ ആളുകള്‍ എന്നിവരൊക്കെ വര്‍ഷകാലത്ത് സാധനസാമഗ്രികള്‍ സൂക്ഷിച്ചു കൊണ്ട്് കാലങ്ങളോളം ഇവിടെ താമസിച്ചു കാണും ബെന്ഹര് നിരീക്ഷിക്കുന്നു.
അമ്പുകുത്തി മലയിലെ പാറപൊട്ടിക്കല്‍ എടക്കല്‍ ഗുഹകള്‍ക്ക് ഭീഷണിയായപ്പോള്‍ സംരക്ഷണ സമിതിയുണ്ടാക്കി പ്രതിരോധം തീര്‍ക്കുകയായിരുന്നു. അബ്രഹാം ബെന്ഹര്, അമ്പലവയലില്‍ തോമസ്, ബാദുഷ, വ്യാസന് ആനപ്പാറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സംഘമായിരുന്നു അത്. 1984 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു ഈ വിഷയം. അന്ന് സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നേരില്‍ കണ്ട് എടക്കല്‍ ഗുഹാ സംരക്ഷണ സമിതി വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. ഇന്ന് കാണുന്ന രീതിയിലുള്ള സംരക്ഷണം സാധ്യമായത് ആ ഇടപെടലിലൂടെ ആയിരുന്നു. ആ യത്നം അവസാനിച്ചിട്ടില്ല, യുനെസ്കോ ലോകപൈതൃക പട്ടികയില്‍ എടക്കല്‍ ഗുഹകള്‍ക്ക് സ്ഥാനമുണ്ടാകണം. വയനാട് എം പി രാഹുല്‍ ഗാന്ധിക്കും മറ്റ് എം പിമാര്‍ക്കും കത്തയക്കും. കേരള മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധ ക്ഷണിക്കാനുള്ള പരിപാടികളും ആലോചിച്ചു വരുന്നു ബെന്ഹര് പറഞ്ഞു.