കല്പറ്റ: മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നതായി വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. കൺസർവേറ്റർ എൻ.ടി.സാജൻ ഇതിനായി മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സാജനെതിരേ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉളളത്.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ വനംവകുപ്പ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് വനംവകുപ്പിലെ കൺസർവേറ്ററായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ എൻ.ടി.സാജനെതിരേ ഗുരുതര ആരോപണങ്ങളുളളത്. എൻ.ടി.സാജൻ മുട്ടിൽ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാൻ മറ്റൊരു വ്യാജക്കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.മുട്ടിൽ വില്ലേജിലെ മണിക്കുന്ന് മല എന്ന സ്ഥലത്തെ സ്വകാര്യഭൂമിയിൽ നടന്ന മരംമുറിക്കൽ വനംഭൂമിയിലാണെന്ന് വരുത്തിത്തീർക്കാനുളള ഗൂഢാലോചനയാണ് നടന്നത്. ഇതിലൂടെ മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുടുക്കുകയും മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കുകയുമായിരുന്നു ലക്ഷ്യം. വയനാട്ടിലെത്തിയ എൻ.ടി.സാജൻ പ്രതികളെ നേരിട്ട് കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ സംസ്ഥാന സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു സാജന്റെ ഇടപെടലുകൾ എന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഇതൊടൊപ്പം 24 ന്യൂസ് ചാനലിന്റെ കോഴിക്കോട്ടെ ചുമതലക്കാരനായ മാധ്യമപ്രവർത്തകൻ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതിന്റെ വിശദാംശങ്ങളും പേര് അടക്കം റിപ്പോർട്ടിൽ ഉണ്ട്.
മണിക്കുന്ന് മലയിലെ കേസ് എന്തായി എന്ന് ചോദിച്ച് രണ്ടുതവണ ഈ മാധ്യമപ്രവർത്തകൻ ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചു എന്നും ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാജനെ സസ്പെൻഡ് ചെയ്യണമെന്ന് വനംവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.