ചക്കിട്ടപ്പാറ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ച ചൂണ്ടികാണിച്ച കെ .സി .വൈ.എം സംസ്ഥാന സെനറ്റ് അംഗത്തെ അപലപിച്ച് കോർ കമ്മിറ്റി യോഗത്തിൽ കുറിപ്പ് പുറത്തിറക്കിയതിൽ പ്രതിഷേധം.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അപാകതകൾ ചൂണ്ടി കാണിച്ച് കൊണ്ട് കെ .സി. വൈ’ എം സംസ്ഥാന ഭാരവാഹി റിച്ചാൾഡ് ജോൺ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റിനെ അപലപിക്കുന്നതായി കാണിച്ച് പഞ്ചായത്ത് കോർ കമ്മിറ്റി യോഗം നിലപാടിറക്കിയതിൽ പ്രതിഷേധം. കോവിഡ് പോസിറ്റീവ് ആയി ക്വാറന്റൈനിൽ കഴിയവെ തനിക്കും സുഹൃത്തുക്കൾക്കും നാലാം വാർഡിലെ RRT പ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്ന വിവേചനം ചൂണ്ടി കാണിച്ചായിരുന്നു റിച്ചാൾഡ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ക്വാറന്റൈൻ തുടങ്ങിയ ദിവസം സമ്പർക്ക പട്ടിക ആരായാനും നാല് ദിവസങ്ങൾക്കു ശേഷം മരുന്ന് എത്തിച്ച് നൽകാനുമല്ലാതെ മറ്റു ആവശ്യങ്ങൾക്കൊന്നും തന്നെയും സുഹൃത്തുക്കളെയും RRT പ്രവർത്തകർ സഹായിച്ചില്ല എന്നതായിരുന്നു പോസ്റ്റിന്റെ ചുരുക്കം. താൻ ക്വാറന്റൈനിൽ പ്രവേശിച്ച ശേഷം സമ്പർക്കത്തിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടാനാണ് നമ്പർ വാങ്ങുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ആരെയും വിളിക്കുകയോ മുൻകരുതലുകൾ സ്വീകരിക്കുവാൻ പറയുകയോ ചെയ്തിരുന്നില്ല.
മറ്റൊരു വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തന്റെ സുഹൃത്തിനെ വിളിച്ച് മരുന്ന് എത്തിച്ച് തരാമെന്ന് ആശ വർക്കർ പറഞ്ഞിരുന്നുവെങ്കിലും അതുമുണ്ടായില്ല. വാർഡിലെ തന്നെ മറ്റൊരു കോവിഡ് രോഗിയെ പോസിറ്റീവായി ഒൻപതാം ദിവസമാണ് വിവരങ്ങൾ അന്വേഷിക്കാനായി പോലും ആദ്യമായി വിളിക്കുന്നത്. ഇത്തരം ആലംഭാവങ്ങളൊക്കെയും ഉണ്ടായിട്ടും അത് ചൂണ്ടി കാണിക്കുന്നവരെ അപമാനിച്ച് പഞ്ചായത്ത് സമിതി മുന്നോട്ട് വരുന്നത് ലജ്ജവഹമാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞു ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നും റിച്ചാൾഡ് പറയുന്നു.