വൈത്തിരി : പഴയ വൈത്തിരി ചാരിറ്റിയിലെ ജനവാസകേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ മലമാൻ കുഞ്ഞിനെ രക്ഷപെടുത്തി വനം വകുപ്പിന് കൈമാറി. ചാരിറ്റി ഫോറസ്റ്റ് ഓഫീസിന് സമീപം, സിസി ബാബുവിന്റെ ഉടമസ്ഥതയിലുള സ്ഥലത്താണ് മാൻ കുഞ്ഞിനെ കണ്ടെത്തിയത്. ഇവരുടെ വീടിന് മുകളിലെ കുറ്റിക്കാട്ടിൽ മുൾപടർപ്പിനുള്ളിൽ നിന്ന് ഏതോ ജീവിയുടെ കരച്ചിൽ കേട്ട് വീട്ടിലുണ്ടായിരുന്ന മിഥുൻ ബാബു, ഉല്ലാസ് തോമസ്, നിഖിൽ ടി ബാസ്റ്റ്യൻ എന്നിവർ പോയി നോക്കിയപ്പോഴാണ് നനഞ്ഞ് അവശനിലയിൽ കിടക്കുന്ന മാൻ കുഞ്ഞിനെ കണ്ടത്. ഇവരും അടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മമ്മുവും ചേർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് 5.30നോടെയാണ് സംഭവം. തുടർന്ന് വനം ഉദ്യോഗസ്ഥൻ വാസു സ്ഥലത്തെത്തി മറ്റുള്ളവരുടെ സഹായത്തോടെ മാൻ കുഞ്ഞിനെ ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. നനഞ്ഞ് വിറയ്ക്കുകയായിരുന്ന മാൻ കുഞ്ഞിനെ വനം ഓഫീസിന് ഉള്ളിലേക്ക് മാറ്റി. മേപ്പാടി റേഞ്ച് ഓഫീസറുമായി ബന്ധപ്പെട്ടതായും , ആവശ്യമെങ്കിൽ മാൻ കുഞ്ഞിന് വെറ്റിനറി ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകുമെന്നും വനം ഉദ്യോഗസ്ഥൻ വാസു അറിയിച്ചു.