കോഴിക്കോട് : നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ പോലീസിന്റെയും ടൌൺ പ്ലാനിംഗ് വിഭാഗത്തിന്റെയും സഹകരണത്തോടെ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കുന്നു. ഇതിനായി തയ്യാറാക്കിയ പദ്ധതി പ്രകാരം കോർപ്പറേഷന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പോർട്ടിന്റെയും ഉൾപ്പെടെ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് മേയറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.
പൊതുമരാമത്ത്, പോർട്ട്, റവന്യൂ തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സ്ഥലങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ എൻ.ഒ.സി ലഭ്യമാക്കി പാർക്കിംഗ് സൌകര്യം ഏർപ്പെടുത്തുന്നതാണ്. വിവിധ വകുപ്പുകളുടെ സംയുക്ത സ്ഥല പരിശോധന നടത്തി കൂടുതൽ സ്ഥലങ്ങൾ പാർക്കിംഗിനായി കണ്ടെത്തുന്നതാണ്.
ഇതൊടൊപ്പം സ്വകാര്യ വ്യക്തികളുടെ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ കൃത്യമായ ആസൂത്രണത്തോടെ പാർക്കിംഗ്-ന് ഉപയോഗപ്പെടുത്തുന്നത് വഴി നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാവും. പാർക്കിംഗിനായി ട്രാഫിക് പോലീസിന്റെ ശാസ്ത്രീയ മൊബൈൽ ആപ്പ് നടപ്പാക്കുന്നതും പദ്ധതിയുടെ പരിഗണനയിലാണ്. പദ്ധതിയുടെ നോഡൽ ഓഫീസറായി കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
മേയറുടെ ചേംബറിൽ വെച്ച് നടന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി. .പി.മുസാഫർ അഹമ്മദ്, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ .പി.സി.രാജൻ, ട്രാഫിക് സൌത്ത് അസി. കമ്മീഷണർ .കെ.സി.ബാബു, ട്രാഫിക് നോർത്ത് എ.സി .രാജു.പി.കെ, .ഐഷ.പി.എ (ടൌൺ പ്ലാനർ) പൊതുമരാമത്ത് വകുപ്പ് (റോഡ്സ്), നാഷണൽ ഹൈവേ, ഹാർബർ എഞ്ചിനീയറിംഗ്, പോർട്ട്, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.