കോഴിക്കോട്: ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെയും കാലിക്കറ്റ് കാര്‍ഡിയോളജി ക്ലബ്, ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ കോര്പറേഷന് ഓഫിസിനു മുന്നില്‍ ആരംഭിച്ച സൈക്ലത്തോണ്‍ കാലിക്കറ്റ് കാർഡിയോളജി ക്ലബ് പ്രസിഡന്റ് ഡോ. ഖാദർ മുനീർ ഫ്ളാഗ് ഓഫ് ചെയ്തു. ജീവിതശൈലികൾ ഹൃദയസൗഹൃദമാകണമെന്ന് അദ്ദേഹം പറഞ്ഞു.
സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. അലി ഫൈസല്‍, ഡോ. ജയേഷ് ഭാസ്കരൻ, ഡോ. സജീര്‍ കെ.ടി, ഐ.എം.എ കോഴിക്കോട് ഭാരവാഹി ഡോ. രാകേഷ് എസ്.വി. എന്നിവര്‍ നേതൃത്വം നല്കി.
ആരോഗ്യപ്രവര്‍ത്തകരും സൈക്ലത്തോണ്‍ രംഗത്തെ പ്രഗത്ഭരും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. കോര്പറേഷന് ഓഫിനു മുന്നില്‍ നിന്ന് ആരംഭിച്ച സൈക്ലത്തോണ്‍ പുതിയാപ്പ, ഹാര്‍ബര്‍ വരെയും പിന്നീട് കോതിപ്പാലം വരെയും പോയി തിരിച്ച് കോര്‍പറേഷനു മുന്നില്‍ തന്നെ അവസാനിച്ചു. ലോകത്ത് 520 ദശലക്ഷം ഹൃദ്രോഗികളുണ്ടെന്നാണ് കണക്ക്.
സ്വന്തം ഹൃദയവുമായി സംവദിക്കുക, ചുറ്റുമുള്ളവരുടെ ഹൃദയങ്ങളുമായി സംവദിക്കാന്‍ നിങ്ങളുടെ ഹൃദയത്തെ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങളുമായാണ് ആഗോളതലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഹൃദയദിനത്തെ സമീപിക്കുന്നത്. കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആശയവിനിമയ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് എല്ലാ ഹൃദയങ്ങളിലേക്കും ചെന്നെത്തൂ എന്ന ക്യാംപെയിനും നടന്നുകൊണ്ടിരിക്കുന്നുണ്ട്. കോവിഡും അനുബന്ധ ആശങ്കകളുമായി കഴിയുന്നവര്‍ക്കിടയില്‍ ഏറെ പ്രയാസം അനുഭവിക്കുന്നവര്‍ ഹൃദ്രോഗികളാണ്. അവരിലേക്ക് ആശ്വാസത്തിന്റെ സന്ദേശമെത്തിക്കുകയും അതോടൊപ്പം ഹൃദയാരോഗ്യ സംരക്ഷണത്തിന് വ്യായാമത്തിന്റെ പ്രാധാന്യം അറിയിക്കുക കൂടി ലക്ഷ്യമിട്ടാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചതെന്ന് ഡോ. അലി ഫൈസല്‍ പറഞ്ഞു. രോഗം വന്ന ശേഷമുള്ള ചികിത്സയെക്കാള്‍ പ്രധാനം രോഗം വരാതെ കാക്കുന്ന ജീവിത ശൈലിയാണെന്ന് ഡോ. ജയേഷ് ഭാസ്കരൻ പറഞ്ഞു. വ്യായാമത്തിനു പ്രാധാന്യം നല്കുന്നവര് ഏറി വരുന്നുണ്ടെങ്കിലും ഭക്ഷണത്തിനോടുള്ള അഭിനിവേശം കൂടി വരുന്നതാണ് കൂടുതല്‍ രോഗങ്ങള്ക്കിടവരുത്തുന്നതെന്ന് ഡോ. രാകേഷ് എസ്.വി. പറഞ്ഞു.