കോഴിക്കോട്:ജില്ലാ പഞ്ചായത്ത് ക്രാഡ് ഐഡിയേറ്റര്‍ ഇന്നൊവേഷന്‍ അവാര്‍ഡ് പ്രഖ്യാപനവും അധ്യാപക അവാര്‍ഡ് ജേതാക്കളെയും വിദ്യാലയങ്ങളെയും ആദരിക്കുന്ന ചടങ്ങും
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ കാലത്ത് വിദ്യാര്‍ഥികളുടെ കഴിവും നൈപുണ്യവും അവതരിപ്പിക്കാനും അവരെ ആദരിക്കാനും ജില്ലാ പഞ്ചായത്ത് തയ്യാറാകുന്നു എന്നത് സന്തോഷകരമാണ്. പുരസ്‌കാരത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സര്‍ക്കാരിന്റെ സാധ്യമായ എല്ലാ ജാലകങ്ങളും തുറന്നുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് വീടുകളില്‍ ക്രിയാത്മകമായ കണ്ടെത്തലുകളും നൂതനാശയങ്ങളും പ്രാവര്‍ത്തികമാക്കാന്‍ അവസരമൊരുക്കിയതാണ് ക്രാഡ് ഐഡിയേറ്റര്‍ പരിപാടി. ക്രാഡ് ഇന്നവേഷനുമായി ചേര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായാണ് ആറാം തരം മുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ക്ക് പരിപാടി നടപ്പിലാക്കിയത്. സ്‌കൂളുകള്‍ അടച്ചിട്ട കാലത്ത് കുട്ടികളിലെ ദീര്‍ഘകാലത്തെ ഒറ്റപ്പെടലുകളും പിരിമുറുക്കവും അകറ്റി ഒഴിവു സമയം ക്രിയാത്മകമാക്കുന്നതിനായാണ് ജില്ലാ പഞ്ചായത്ത് എഡ്യുകെയര്‍ പദ്ധതി ആവിഷ്‌കരിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യകളും ആശയങ്ങളും സമര്‍പ്പിക്കുന്നതിനായി കുട്ടികള്‍ക്ക് കോഡിങ്ങിന്റെയും റോബോട്ടിക്‌സിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റല്‍ റിയാലിറ്റി മുതലായ നൂതന വിദ്യകളുടെയും സഹായത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.
ജില്ലയിലെ സ്‌കൂളുകളുടെ മികച്ച റിസള്‍ട്ടിനുള്ള ഉപഹാരം വടകര ഡി.ഇ.ഒ സി.കെ വാസു, താമരശ്ശേരി ഡി.ഇ.ഒ ജ്യോതിഭായി, കോഴിക്കോട് ഡി.ഇ.ഒ എന്‍.പി മുഹമ്മദ് അബ്ബാസ്, ആര്‍.ഡി.ഡി ഇന്‍ചാര്‍ജ് അജിത എന്നിവര്‍ സ്വീകരിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ എസ് ഗീതാ നായര്‍, ഷജില്‍ യു.കെ, ലളിത എം.കെ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
കുട്ടികളുടെ ഐഡിയ അവതരണ സെഷന്‍ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടറും സയന്റിസ്റ്റുമായ ഇ.കെ.കുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി അനുമോദന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം വിമല സ്വാഗതവും എഡ്യൂകെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു.