localPolitics

മോദിയുടെ നടപടി മതേതരത്വത്തോടുള്ള വെല്ലുവിളി: ഐ എന്‍ എല്‍

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജക്കും ശിലാന്യാസത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം കൊടുത്തത് ഉത്ക്കണ്ഠാജനകമാണെന്നും മതേതര ജനാധിപത്യക്രമത്തോടുള്ള വെല്ലുവിളിയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ.മുഹമ്മദ് സുലൈമാന്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ മതേതര കക്ഷികള്‍ സ്വീകരിച്ച നിലപാട് അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടില്ല എന്ന യാഥാര്‍ഥ്യമാണ് തെളിയുന്നത്. അയോധ്യയില്‍ ഉയരുന്നത് ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള രാമക്ഷേത്രമാണെന്നും അത് തിരിച്ചറിയാനും രാജ്യത്തെ മതേതര മൂല്യങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനും മതേതര വിശ്വാസികള്‍ തയാറാവണം.

രാജ്യത്തിന്റെ ഐക്യവും ജനങ്ങള്‍ തമ്മിലുള്ള പാരസ്പര്യവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗങ്ങളും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് ആഗതമായിരിക്കുന്നതെന്ന് പ്രഫ.സുലൈമാന്‍ ഓര്‍മപ്പെടുത്തി. അയോധ്യയില്‍ രാമക്ഷേത്ര ശിലാന്യാസം നടന്ന ഇന്നലെ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘സേവ് ഇന്ത്യ, സേവ് മതേതരത്വം’ ദിനാചരണത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ തലങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മതേതര സന്ദേശം കൈമാറി. പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിമാരായ അഹമ്മദ് ദേവര്‍ കോവില്‍, മുസമ്മില്‍ ഹുസൈന്‍, സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുല്‍ വഹാബ്, ജന.സെക്രട്ടറി കാസിം ഇരിക്കുര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close