കോടഞ്ചേരി :കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലുമണിയോടു കൂടി വീട്ടിൽ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മയെ (78) ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഒരാഴ്ച്ച വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയിട്ടും യാതൊരു ഫലവും ലഭിക്കാത്തതിനെ തുടർന്ന് കോടഞ്ചേരി ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ സമീപ പഞ്ചായത്തുകളിലെയടക്കം സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇന്ന് പകൽ 11.30നോടെ വീട്ടമ്മയെ കണ്ടെത്തിയത്. വീടിന് താഴെയുള്ള വന മേഖലയിൽ കനത്ത മഴയും വെയിലും കൊണ്ട് തീർത്തും അവശയായ ഇവരെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.അപകടങ്ങളൊന്നും കൂടാതെ ഇവരെ കണ്ടു കിട്ടണമേയെന്ന പ്രാർത്ഥനയിലായിരുന്നു ഒരു നാട് മുഴുവൻ.
നടന്നു പോയതായി കരുതുന്ന സ്ഥലങ്ങളിലൂടെയും, സമീപ പ്രദേശത്തുമാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്താത്ത പ്രദേശത്തുകൂടി ഇന്നത്തെ തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു
വീട്ടിൽ നിന്ന് കോടഞ്ചേരി തെയ്യപ്പാറ റോഡിൽ സിക്ക് വളവ് വരെ നടന്നു വന്നതായി കെ 9 സ്‌ക്വാഡിന്റെ അന്വേഷണത്തിൽ നേരത്തെ സൂചന ലഭിച്ചിരുന്നു..പിന്നീട് എവിടേക്ക് പോയതായി യാതൊരു വിവരവും ലഭ്യമായില്ല.
കോടഞ്ചേരി ടാസ്ക് ഫോഴ്സും പ്രദേശവാസികളും , ഓമശേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ വിവിധ സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇന്നു തിരച്ചിൽ നടത്തിയത്. എന്തിനാണ് ഇവർ വീട് വിട്ടു പോയതെന്ന് പോലീസ് അന്വേഷിക്കുന്നു. കൂടത്തായ് കൊലപാതക പരമ്പര കേസിന് തുമ്പുണ്ടാക്കിയ ഡിറ്റക്ടീവ് ഇൻസ്പെക്ടറാണ് ഇപ്പോഴത്തെ കോടഞ്ചേരി ഇൻസ്പെക്ടറും തിരുവമ്പാടി പുന്നയ്ക്കൽ സ്വദേശിയുമായ ജീവൻ ജോർജ് .