തലയാട്:കരിങ്കല്ലുകയറ്റി വന്ന ലോറി കയറി ഓവുപാലം തകര്‍ന്ന് തലയാട് വയലട റോഡില്‍ മണിച്ചേരിയില്‍ റോഡ് തകര്‍ന്നു. റോഡിനു കുറുകെ നിര്‍മ്മിച്ച് ഓവുപാലം തകര്‍ന്ന് ലോറിയുടെ പിന്നിലെ ടയര്‍ താഴ്ന്നു പോകുകയായിരുന്നു. വാഹനങ്ങള്‍ കടന്നുപോകാനാകാത്തവിധം റോഡ് തകര്‍ന്നതിനാല്‍ വയലട ഭാഗത്തേയ്ക്കുള്ള വാഹന ഗാതഗതം പൂര്‍ണ്ണമായും നിലച്ചു. വയലട സ്കൂളിലേയ്ക്കുപോകുന്നു വിദ്യാര്‍ത്ഥികളും വയലട നിന്ന് കല്ലാനോട് സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും കീലോ മീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇപ്പോള്‍ തലയാട് എത്തുന്നത്.
മാസങ്ങള്‍ക്കു മുമ്പു തന്നെ ഈ അപകട സ്ഥിതി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അമിതഭാരം കയറ്റിയ ടിപ്പറുകള്‍ ഇതുവഴി ഓടിക്കരുതെന്ന് ക്വാറി ഉടമകളോട് ഉദ്ധ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയതുമാണ്. നാട്ടുകാരും നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഗൗനിച്ചില്ലെന്നാണ് പരാതി. റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വലട, മണിച്ചേരി നിവാസികള്‍ക്ക് ഏക ആശ്രയമായിരുന്ന ബസ്സ് ഗതാഗതവും നിലച്ചു. നിത്യ ഉപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ ഏറെ പ്രയാസപ്പെടുകയാണ്.