കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ പൊലീസ് കേസ്. അഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. സൗദിയിലെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെ.എസ്.ആർ.ടി.സി കെട്ടിട കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി. അലിഫ് ബില്‍ഡേഴ്സ് എം.ഡി മൊയ്തീന് കോയ, മലപ്പുറം സ്വദേശി നിയാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജരേഖ കാട്ടിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സി കെട്ടിടം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നല്‍കിയതില്‍ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലിരിക്കെയാണ് പൊലീസ് കേസുണ്ടായത്.