കോഴിക്കോട് : വയോധികര്‍ക്കെതിരേ വ്യാജ സ്ത്രീപീഡന പരാതി നല്‍കിയ സംഭവത്തില്‍ വനിതാഎസ്‌ഐയ്ക്ക് സസ്പന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ ഓഫീസിലെ എസ്ഐ സുഗുണവല്ലിയെ യെയാണ് അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തുകൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് ഉത്തരവിറക്കിയത്. എസ്‌ഐയ്ക്ക് വീഴീചയുണ്ടായെന്ന് കോഴിക്കോട് ഫറോക്ക് ഡിവിഷന്‍ അസി.കമ്മീഷണര്‍ എം.എം. സിദ്ദീഖ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
രണ്ടു മാസം മുമ്പാണ് സംഭവം. വാടകകുടിശിക ചോദിച്ചതിനാണ് വനിതാ എസ്ഐ വീട്ടുടമയുടെ മകളുടെ ഭര്‍ത്താവിന്റെ പേരില്‍ സ്ത്രീപീഡനത്തിന് പരാതി നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ ഓഫീസില്‍ എസ്ഐ റാങ്കിലുള്ള പോലീസ് ഓഫീസറാണ് പന്നിയങ്കര പോലീസില്‍ പരാതി നല്‍കിയത്. തിരുവണ്ണൂര്‍ കുറ്റിയില്‍പടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം താമസിക്കാരായ വയോധികരായ അധ്യാപക ദമ്പതികള്‍ക്കും ഇവരുടെ മകളുടെ ഭര്‍ത്താവിനുമെതിരേയാണ് പരാതി. സപ്തംബര്‍ 16 ന് കൈയില്‍ പിടിച്ചുവെന്നാണ് പരാതി. അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ ഭാര്യവീട്ടില്‍ മരുമകന്‍ താമസിച്ച തിയതി മനസിലാക്കിയാണ് എസ്ഐ പരാതി നല്‍കിയത്. വിവാഹമോതിരം ബലമായി ഊരിയെടുത്തെന്നും അതിന്റെ വിലയായ 30,000 രൂപയും വാടകവീടിന് അഡ്വാന്‍സായി നല്‍കിയ 70,000 രൂപയും തിരികെ നല്‍കണമെന്നാവശ്യവും പരാതിയിലുണ്ടായിരുന്നു. അതേസമയം ഈ പരാതി വ്യാജമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. വടകക്കാരാര്‍ പുതുക്കി നല്‍കിയതോടെ കുടിശിക തുകയായ 1,43,000 രൂപയും വൈദ്യുതി കുടിശികയായ 4000 രൂപയും വീട്ടുടമകള്‍ക്ക് എസ്ഐ നല്‍കാനുണ്ടെന്നായിരുന്നു രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ച വിവരം. കുടുംബത്തിനെതിരേ വ്യാജപരാതി നല്‍കിയതോടെ അധ്യാപക ദമ്പതികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് കമ്മീഷണര്‍ അസി.കമ്മീഷണറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.