മുബൈ. ഹിന്ദി കളേഴ്‌സ് ടിവിയിലെ ഏറെ പ്രേക്ഷക പ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ഡാന്‍സ് ദീവാനേ സീസണ്‍ 3. വന്‍ താരനിരകള്‍ അണിനിരക്കുന്ന ഷോ ആയതിനാല്‍ തന്നെ വളരെയധികം ആരാധാകരാണ് ഈ റിയാലിറ്റിഷോയ്ക്ക്. രാഘവ് ജുയാല്‍ എന്ന ഡാന്‍സറും നടനുമാണ് ഈ പരിപാടിയുടെ അവതാരകന്‍. പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുള്ള ഈ പരിപാടി ഈയിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. അവതാരകനായ രാഘവ് ജുയാല്‍ അസമില്‍ നിന്നുള്ള ഗുജന്‍ സിന്‍ഹ എന്ന പെണ്‍കുട്ടിയെ സ്വാഗതം ചെയ്തത് ചിങ് ചോങ് , മോമോ , ചൈനീസ് എന്നീ വാക്കുകള്‍ ഉപയോഗിച്ചാണ്. എന്നാല്‍ ഇത് പെണ്‍കുട്ടിയെ മനപ്പൂര്‍വ്വം അപമാനിച്ചതാണെന്നും, വംശീയമായി അധിക്ഷേപിച്ചതാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.അതിനു പിന്നാലെയാണ് അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മയും രംഗത്തെത്തിയത്. എന്നാല്‍ താന്‍ ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഞങ്ങള്‍ക്കൊന്നും വശമില്ലാത്ത ചൈനീസ് ഭാഷ പെണ്‍കുട്ടി നന്നായി കൈകാര്യം ചെയ്യുമെന്നതു കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നും ആര്‍ക്കെങ്കിലും മാനസികമായി വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാഘവ് ജുയാല്‍ പറഞ്ഞു.