സ്വതന്ത്ര്യ ഇന്ത്യ കണ്ട ദൈര്‍ഘ്യമേറിയ സമരങ്ങളില്‍ ഒന്ന് സമ്പൂര്‍ണ വിജത്തിലേക്ക്. കര്‍ഷകരുടെ കൂട്ടായ്മക്കും ഇച്ഛാശക്തിക്കും മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന വാശിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി പാസാക്കിയ നിയമം കര്‍ഷകരെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിക്കാനും നരേന്ദ്ര മോദി തയ്യാറായെന്നത് ശ്രദ്ധേയം.
ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റ തോല്‍വികളാണ് ബി ജെ പിയെ ചിന്തിപ്പിക്കുന്നത്. വരാനിരിക്കുന്നത് യുപിയിലേയും പഞ്ചാബിലേയും തിരഞ്ഞെടുപ്പാണ്. കാര്‍ഷിക സമരം രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ തോതില്‍ ജനരോഷത്തിന് കാരണമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കില്ലെന്നും, പാതി വഴിയില്‍ തമ്മിലടിച്ച് പിരിഞ്ഞോളും എന്ന് കരുതിയ സമരം ശക്തമായി വരുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകന്‍ മഞ്ഞും വെയിലും മഴയും വകവെക്കാതെ ഡല്‍ഹി അതിര്‍ത്തിയില്‍ 363 ദിവസമാണ് പോരാടിയത്.
കര്‍ഷക സമരത്തിന് തീകൊളുത്തിയ പഞ്ചാബിനും സിഖുകാര്‍ക്കും ഏറെ പ്രധാനപ്പെട്ട ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി കര്‍ഷക നിയമത്തില്‍ നിന്ന് പിന്‍മാറല്‍ പ്രഖ്യാപിച്ചത്. 2014 ല്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷം ബി ജെ പി നേരിടുന്ന പ്രധാന രാഷ്ട്രീയ തിരിച്ചടിയാണിത്. താനേ തകര്‍ന്ന് തരിപ്പണമാകും എന്ന് കരുതിയ സമരം ത്യാഗോജ്വലതയുടെ ഉത്തമദൃഷ്ടാന്തമായി രാജ്യം മുഴുവന്‍ പടര്‍ന്നത് ബി ജെ പിയെ കുറച്ചൊന്നുമല്ല വലച്ചത്.