കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്പന നടത്തിയിരുന്ന ഹരിദാസന് മരണാനന്തരം ജീവന്റെ തുടിപ്പ് പകര്ന്നുനല്കിയത് 5 പേര്‍ക്ക്. മരണശേഷവും ഹരിദാസന്റെ ജീവനുള്ള ഓര്‍മകള്‍ തങ്ങള്‍ക്ക് ചുറ്റിലുമുണ്ടാകുമെന്ന
ആശ്വാസവുമായി കുടുംബം. ഹരിദാസന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.
വീട്ടില്‍ കുഴുഞ്ഞുവീണ പന്തീരങ്കാവ് സ്വദേശിയായ ഹരിദാസനെ (60) നവംബര്‍ 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്കും സി.ടി. സ്കാന്‍ അവലോകനത്തിനും ശേഷം, തലച്ചോറിലുണ്ടായ രക്തസ്രാവമാണ് അബോധാവസ്ഥയിലാകാനുള്ള കാരണമെന്ന് ബേബി മെമ്മോറിയല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യുറോ സര്ജന് ഡോ. ശിവകുമാര്‍ എസ്. കണ്ടെത്തി.
ഡോ. ഉമ്മര്‍ കെ, ഡോ. രവീന്ദ്രന് സി, ഡോ. മോഹന്‍ ലെസ്ലി, ഡോ. ഗംഗാപ്രസാദ് എന്നിവരടങ്ങിയ വിദഗ്ധ സംഘം ഹരിദാസന് മസ്തിഷ്കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
ഹരിദാസന്റെ അവയവങ്ങള്‍ 5 പേര്‍ക്കാണ് പുതുജീവിതമേകുക. കേരള സര്‍ക്കാറിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടാണ് യോഗ്യരായ സ്വീകര്‍ത്താക്കളെ കണ്ടെത്തിയത്.