കണ്ണൂര്‍: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി.
സാജിദ്, ഫൈസല്‍, സന്ദീപ് തുടങ്ങിയ അഞ്ചുപേര്‍ക്കെതിരെയാണ് കേസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസ്സ് അനുഭാവികളാണോ എന്നത് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകരന്റെ മുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നീക്കം ചെയ്തതിന് പ്രധാനകാരണം. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തന്നോട് മുന്‍വൈരാഗ്യം തീര്‍ക്കുകയാണെന്നും, പുതിയ കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തോടെ ആദ്യം ലക്ഷ്യം വച്ചത് തന്നെയാണെന്നും മമ്പറം ദിവാകരന്‍ ആരോപിക്കുന്നു. ബ്രണ്ണന്‍ വിവാദത്തില്‍ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദിരാഗാന്ധി ആശുപത്രി ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടര പതിറ്റാണ്ടായി തുടരുന്ന ദിവാകരനെതിരെ അച്ചടക്കലംഘനം കാണിച്ച് പുറത്താക്കല്‍ നടപടിയുമായി സുധാകരന്‍ രംഗത്തെത്തിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വന്തം പാനലിനെ മത്സരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് കെപിസിസി അംഗം കൂടിയായ ദിവാകരനെ പുറത്താക്കിയത്. മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച മമ്പറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രനാണ് താല്‍ക്കാലിക ചുമതല. പാര്‍ട്ടിക്ക് പുറത്താണെങ്കിലും ഡിസംബര്‍ 5 ന് നടക്കുന്ന ആശുപത്രി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ഉറപ്പിലാണ് മമ്പറം.