തിരുവന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങള്‍ പുറത്ത്‌വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത അധ്യാപക അനധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. നവംബര്‍ 1 മുതല്‍ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം വരുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടികള്‍ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി തീരുമാനിച്ചത്. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരില്‍ ഭൂരിഭാഗവും മതിയായ കാരണമില്ലാതെയാണ് മാറി നില്‍ക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തല്‍. വാക്‌സിന്‍ എടുക്കാത്തതിന് മതപരമായ കാരണം പറയുന്നവര്‍ക്ക് ഇളവ് നല്‍കില്ല. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്താല്‍ മതിയെന്ന് മന്ത്രി വ്യക്തമാക്കി. വാക്‌സിനെടുക്കാന്‍ കഴിയാത്തവര്‍ ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കാനാണ് വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനം.