മുംബൈ: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ചരിത്ര നേട്ടം കുറിച്ച് അജാസിന്റെ മിന്നും പ്രകടനം. ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് നേടിക്കൊണ്ടാണ് ന്യൂസീലന്‍ഡ് താരവും ഇന്ത്യന്‍ വംശജനവുമായ അജാസ് ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഇടംനേടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് അജാസ്. മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയ ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരുടെ പട്ടികയിലേക്കാണ് അജാസ് ഇടിച്ചുകയറിയത്.
1956 ജൂലായ് 26 ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് ലേക്കര്‍ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയത്. 51.2 ഓവറില്‍ 53 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം പത്തുവിക്കറ്റ് സ്വന്തമാക്കിയത്.
ലേക്കറിനുശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ കുംബ്ലെ ഈ ചരിത്രനേട്ടം സ്വന്തമാക്കി. ചിരവൈരികളായ പാകിസ്താനെതിരേ 1999 ഫെബ്രുവരി നാലിന് ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തില്‍ വെച്ചാണ് കുംബ്ലെ അത്ഭുതപ്രകടനം പുറത്തെടുത്തത്.
ജിം ലേക്കറിന്റെയും അനില്‍ കുംബ്ലെയുടെയും നേട്ടങ്ങള്‍ക്ക് ശേഷം 22 വര്‍ഷം കഴിഞ്ഞ് അജാസാണ് ഈ നേട്ടം സ്വന്തമാക്കുന്ന മറ്റൊരു താരം.
അജാസിന്റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 325 റണ്‍സിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റണ്‍സിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും കൈയ്യിലെടുത്തത്.