ഇടുക്കി:ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്റര്‍ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 6 മണിയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമില്‍നിന്ന് സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതും, മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നതും ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് കാരണമായി. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയായി. കഴിഞ്ഞ ദിവസം രാത്രി തുറന്ന ഒന്‍പതു ഷട്ടറുകളില്‍ എട്ടും അടച്ചു. നിലവില്‍ തുറന്നിരിക്കുന്ന ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറിയതോടെ കൂടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.