INDIA

സംയുക്ത സൈനിക മേധാവിയടക്കം 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് 13 മരണം; സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം വ്യാഴാഴ്ച

 

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്ന് വീണ് 13 മരണം. ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടിക്ക് സമീപം കുണൂരിലാണ് സംഭവം. ഹെലിക്കോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നതായാണ് ഓദ്യോഗിക വിശദീകരണം. ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍.

കോയമ്പത്തൂരില്‍ നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിന് പത്തു കിലോമീറ്റര്‍ മാത്രം ശേഷിക്കെ തകര്‍ന്ന് വീഴുകയായിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. വെല്ലിംഗ്ടണിലെ സൈനികകോളേജില്‍ ഏറ്റവും പുതിയ കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തവെയാണ് സംഭവം.

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വെല്ലിംഗ്ടണില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. അതിനാല്‍ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റര്‍ ദൂരത്ത് വച്ച് ഹെലികോപ്റ്റര്‍ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം.

അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. സി.ഡി.എസ്. ബിപിന്‍ റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഡി.എന്‍.എ. പരിശോധനകള്‍ നടത്തിയാണ് മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിരോധ മന്ത്രി റിപ്പോര്‍ട്ട് നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിതല ഉപസമിതിയോഗം ഇന്ന് 6.30-ന് ചേരും.

വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമസേന മേധാവിയോട് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ രാജ്നാഥ് സിങ് നിര്‍ദേശം നല്‍കി.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close