INDIAKERALAPolitics

ജാതിക്കും മതത്തിനും അതീതമായി മനുഷ്യജാതിയെ ചേര്‍ത്ത് നിര്‍ത്തി; ഇത് ഉറച്ച ശക്തിയായ കര്‍ഷകരുടെ വിജയം

 

ന്യൂഡല്‍ഹി: ഒടുവില്‍ രാജ്യത്തിന്റെ ധീരപോരാളികളായ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഒന്നരവര്‍ഷത്തോളം വീര്യം ചോരാതെ കൊടുംതണുപ്പിനെയും ശക്തമായ ചൂടിനെയും മറികടന്ന് കര്‍ഷകര്‍ നടത്തിയ സമരത്തിനാണ് ഇതോടെ പര്യവസാനം കുറിച്ചത്. സംയുക്ത കിസാന്‍മോര്‍ച്ച യോഗത്തിലാണ് തീരുമാനം. ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ ഉറപ്പ് നല്‍കി.

‘ഞങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കും’ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

വിളകള്‍ക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കു കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന കര്‍ഷകരുടെ ഉറച്ച ശബ്ദത്തില്‍ കേന്ദ്രം ഇടറി വീഴുകയായിരുന്നു.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസുകള്‍ പിന്‍വലിക്കുവെന്ന് കേന്ദ്രം അറിയിച്ചെങ്കിലും ഒറ്റലക്ഷ്യത്തോടെയുള്ള കര്‍ഷകരുടെ തീരുമാനത്തില്‍ നിന്നും പിന്മാറുകയല്ലാതെ മോദി സര്‍ക്കാരിന് മറ്റൊന്നും ഇല്ലായിരുന്നു.

അതേസമയം ഒന്നരവര്‍ഷത്തോളം നീണ്ട കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കിടെ മരണംവരിച്ച കര്‍ഷകര്‍ക്ക് നാളെ ആദരാജ്ഞലി ദിനമായി ആചരിക്കും. ശനിയാഴ്ച വിജയാഘോഷങ്ങളോടെ കര്‍ഷകര്‍ തലസ്ഥാനത്ത് നിന്നും സ്വന്തം നാടുകളിലേക്ക് തിരിക്കും.

സമീപകാലങ്ങളിലെ സമരങ്ങളെയും വെല്ലുന്നതായിരുന്നു കര്‍ഷകരുടെ ഒറ്റക്കെട്ടായുള്ള സമരം. കര്‍ഷക സംഘടനകള്‍ നിലനിര്‍ത്തി അഭിപ്രായ ഐക്യം സമരത്തിന് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു.

 

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍

താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും.

ദില്ലി,ഹരിയാന, യുപി എന്നിവിടങ്ങളിലെ കേസുകള്‍ പിന്‍വലിക്കും

മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം.

വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുമായി സമഗ്ര ചര്‍ച്ച നടത്തും.

മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകര്‍ക്കെതിരായ ക്രമിനല്‍ നടപടി നീക്കം ചെയ്യും.

കര്‍ഷകര്‍ തത്കാലം വിട്ടുവീഴ്ച്ച ചെയ്ത വിഷയങ്ങള്‍

താങ്ങുവില നിയമപരമാക്കുക.

ലഖീംപൂര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി.

റിപബ്ലിക് ദിനത്തിന്റെ മറവില്‍ സമരത്തിനെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളും പാളി. പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പിന്നീട് രാജ്യം ഏറ്റെടുക്കുകയായിരുന്നു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെന്ന ജാതിയെ ചേര്‍ത്ത് പിടിച്ച് കര്‍ഷകര്‍ നടത്തിയ ഈ പോരാട്ടം ഇന്ത്യന്‍ ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ എഴിതിച്ചേര്‍ക്കപ്പെടും.

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close