INDIAKERALA

സൈനിക ഹെലികോപ്ടര്‍ അപകടം; മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും.

തൃശ്ശൂര്‍: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും സന്ദേശം ലഭിച്ചതായാണ് വിവരം. ഇന്നുരാത്രി ഡല്‍ഹിയിലെത്തിച്ച മൃതദേഹം
സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കും. സൂലൂരില്‍ നിന്ന് നാളെ രാവിലെ തൃശ്ശൂരിലെ സ്വവസതിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രദീപ് പഠനം പൂര്‍ത്തീകരിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.

ജനറല്‍ ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. സേനയില്‍ വാറണ്ട് ഓഫീസറായി തുടരുകയായിരുന്നു ഇദ്ദേഹം. 2004 ല്‍ വ്യോമസേനയില്‍ ചേര്‍ന്ന പ്രദീപ്, പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിലുടനീളം സേവനമനുഷ്ടിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം കോയമ്പത്തൂരിനടുത്തുള്ള സൂലൂര്‍ വായുസേനാ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും അച്ഛന്‍ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്പാണ് അദ്ദേഹം കോയമ്പത്തൂരിലേക്ക് മടങ്ങിയത്.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002-ല്‍ വായുസേനയില്‍ ചേര്‍ന്നു. വെപ്പണ്‍ ഫിറ്റര്‍ ആയാണ് ആദ്യനിയമനം. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം, സേനാ മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. 2018-ല്‍ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ സാധിച്ച ആ ദൗത്യസംഘത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close