കൊച്ചി: സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡല്‍ഹിയിലും നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയ്ക്കുകയും ഒമിക്രോണ്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ഇദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വിമാനത്തില്‍ ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേകം നിരീക്ഷിക്കാനാണ് ഉത്തരവ്.
എത്തിഹാത്ത് ഇ.വൈ. 280 വിമാനത്തില്‍ ആകെ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത സീറ്റുകളിലായി ഉണ്ടായിരുന്ന 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരെ ഡിസംബര്‍ 13 കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും, കോവിഡിനെതിരെ സ്വീകരിച്ചിട്ടുള്ള എല്ലാവിധ പ്രതിരോധ നടപടികളും തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.