തിരുവനന്തപുരം : കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്രാ ഡോക്യൂമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ മികച്ച തിരക്കഥാ രചനക്കുള്ള അവാർഡ് നേടിയ ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ ( എൽ . ഐ . ബി ) ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും തിരക്കഥാകൃത്ത് ഹേമ എസ് ചന്ദ്രേടത്തും സംവിധായകൻ ബൈജുരാജ് ചേകവരും അവാർഡുകൾ ഏറ്റുവാങ്ങി.
ഏകാന്തതയും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി അക്കാദമി നടത്തിയ ഹ്രസ്വ ചിത്ര തിരക്കഥാ മത്സരത്തിൽ എഴുന്നൂറ്റി മുപ്പത്തിഏഴ് തിരക്കഥകളെയും മറികടന്നാണ് ലൈഫ് ഈസ് ബ്യുട്ടിഫുൾ തിരഞ്ഞെടുക്കപ്പെട്ടത്. ഐസൊലേഷൻ ആൻഡ് സർവൈവൽ എന്ന പാക്കേജിൽ ലൈഫ് ഈസ് ബ്യുട്ടിഫുൾ അടക്കം പത്ത് ചിത്രങ്ങളും ഐ ഡി എസ് എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രങ്ങൾ ഷൂട്ട് ചെയ്ത് പൂർത്തിയാക്കുന്നതിനായി അക്കാദമി ധന സഹായവും നൽകിയിരുന്നു.
രാഗേഷ് നാരായൺ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും ബിജിബാൽ പശ്ചാത്തല സംഗീതവും രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ലിജുപ്രഭാകർ വർണ്ണവിന്യാസവും സുമിൽ ശ്രീധർ വി എഫ് എക്സും പ്രേംരാജ് കായക്കൊടി പ്രൊഡക്ഷൻ ഡിസൈനിങ്ങും എ എസ് ദിനേശ് വാർത്താവിതരണവും നിർവ്വഹിച്ചു . ചേകവാർസ് സ്ട്രീറ്റ് ആർട്സിന്റെ ബാനറിൽ എൽ ഐ ബി നിർമ്മിച്ചത് മിനി മോഹൻ , ശശികുമാർ തെന്നല , ഡോക്ടർ ചാന്ദ്നി സജീവൻ , വി പി പ്രകാശ് , ഡോക്ടർ മൃണാളിനി എന്നിവർ ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ദൃശ്യ ശ്രവ്യ സാങ്കേതിക മേന്മയുടെ പിൻബലത്തോടെ ഒരു മികച്ച തിയേറ്റർ അനുഭവമാക്കി മാറ്റാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞുവെന്ന് രാജ്യാന്തര മേളയുടെ പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു .
തിരക്കഥാ മത്സരത്തിന്റെ ജൂറി ചെയർമാനും പ്രശസ്ത സംവിധായകനുമായ ശ്യാമപ്രസാദ് , ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ , ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ , ചലച്ചിത്ര നടനും അക്കാദമി ഭരണസമിതി അംഗവുമായ പ്രേംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .