തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം 3 പ്രതികളോടും ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി. മാര്‍ച്ച് 3 ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഡിസംബര്‍ 22 ന് ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും പ്രതികഥള്‍ ഹാജാരാകാതിരുന്നത് മുന്‍നിര്‍ത്തിയാണ് സമന്‍സ് നടപടിയെടുത്തത്.
യൂട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തമ്പാനൂര്‍ പൊലീസ്് കേസ് റജിസ്റ്റര്‍ ചെയ്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇത് സംബന്ധിച്ച കുറ്റപ്പത്രം കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തതോടെയാണ് തുടര്‍നടപടികളിലേക്ക് നീങ്ങിയത്.
2020 സെപ്തംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യൂട്യൂബ് വഴി സ്ത്രീകളെ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മിയടക്കം മൂന്ന് സ്ത്രീകള്‍ വിജയ് പി നായരുടെ ലോഡ്ജ് മുറിയിലെത്തുകയും കരി ഓയില്‍ ഒഴിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.