ബാംഗ്ലൂര്‍: ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും ജനങ്ങള്‍ കൂട്ടംകൂടിയതാണ് നിയന്ത്രണം ശക്തമാക്കാന്‍ കാരണമായത്. സംസ്ഥാനത്തെ പുതിവത്സരാഘോഷങ്ങള്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രമാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിലാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. അതേസമയം ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍ അറിയിച്ചു.