KERALAlocaltop news

ദാരിദ്ര്യനിർമാർജനം; അഞ്ച് വർഷത്തിനകം കോഴിക്കോട് നഗരസഭ 5000 പേർക്ക് തൊഴിൽ നൽകും

കോഴിക്കോട് : നഗര ദാരിദ്ര്യ നിർമ്മാർജ്ജന ഭാഗമായി അഞ്ചു കൊല്ലം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്ക് ഐ.ഐ.എമ്മിന്‍റെ സഹായം തേടാൻ നഗരസഭ തീരുമാനം. ചർച്ചകൾക്കും അഭിപ്രായ രൂപവത്ക്കരണത്തിനും ശേഷമുണ്ടാക്കിയ നടത്തിപ്പു കാര്യങ്ങൾ ചർച്ചചെയ്യാൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ േചർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. മാർക്കറ്റിങ്ങ് സ്റ്റഡി, വിശദ പദ്ധതിരേഖ തുടങ്ങിയവയെല്ലാം ഐ.ഐ.എം തയ്യാറാക്കും. കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷനും പദ്ധതിയുമായി സഹകരിക്കും. ഹോസ്പിറ്റാലിറ്റി മാനേജ് മെന്‍റ്, വ്യവസായ കേന്ദ്രം തുടങ്ങിയവയുടെ സഹകരണവും ഉപയോഗപ്പെടുത്തും. എ.പി.എൽ, ബി.പി.എൽ തുടങ്ങിയ വകഭേദമില്ലാതെ 18നും 40നുമിടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും കുടുംബശ്രീ ഓക്സിലറി യൂണിറ്റുകൾ വഴി തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.ദിവാകരൻ പറഞ്ഞു. ഇതിനായി ഹെൽപ് ഡസ്ക് ജനുവരിയിൽ തന്നെ തുടങ്ങും. സംരംഭം തുടങ്ങാനുള്ള ആശയം ഹെൽപ് ഡെസ്കിൽ അറിയിച്ചാൽ എല്ലാകാര്യങ്ങളും നോക്കി നടത്തി ആരംഭിക്കുകയും അതിന് ശേഷവും പദ്ധതിക്ക് പുറകെ പോയി അത് വിജയിപ്പിക്കും വരെ പ്രവർത്തിക്കുകയുമാണ് ലക്ഷ്യം. കമ്യൂണിറ്റി ഓർഗനൈസർമാർ, സിറ്റിമിഷൻ മാനേജർ തുടങ്ങിയവരടങ്ങിയതാണ് ഹെൽപ് ഡെസ്ക്. ഓട്ടോറിക്ഷ നടത്താൻ 249ഉം ഹൗസ് കീപിങ്ങിന് 186ഉം അപേക്ഷകൾ ഇപ്പോൾ തന്നെ വന്നുകഴിഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ തൊഴിലുകളുടെ എണ്ണം 8200ലേറെയാകുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീ, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഫിഷറീസ്, നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂന്നിയുള്ള നിർദ്ദേശങ്ങളാണ് അന്തിമ പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണക്കമീൻ, പൊതിച്ചോർ, ചെരുപ്പ് തുടങ്ങി കുടുംബശ്രീ ബ്രാൻഡ് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കും. നിലവിൽ കുടുംബശ്രീയുടെ 467 സംരംഭങ്ങളിലായി 1500 പേരാണ് തൊഴിൽ ചെയ്യുന്നത്. 18 മുതൽ 40 വരെ പ്രായമായ വനിതകൾക്കായി ആരംഭിക്കുന്ന സഹായസംഘങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. ജനീകായാസൂത്രണ തുക, വകുപ്പുകൾ വഴിയുള്ള സഹായം.എൻ.എം.യു.എൽ പദ്ധതി മുഖേനയുള്ള സബ്‌സിഡി, വായ്പ എന്നിവയിലൂടെ മൂലധനം കണ്ടെത്തും. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനായി കോർപ്പറേഷൻ മോണിറ്ററിംഗ് സംവിധാനവും ഒരുക്കും. ഉത്പ്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം സംവിധാനം വേങ്ങേരി മാർക്കറ്റിൽ ഒരുക്കാനും തീരുമാനിച്ചു. പദ്ധതിക്ക് മഹിളാമാളിൻെ ദുർഗതി വരാതെ േനാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുന്നറിയിപ്പ്. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, കെ.സി.ശോഭിത, കെ.മൊയ്തീൻ കോയ, നവ്യ ഹരിദാസ്, വി.കെ.മോഹൻദാസ്, വി.പി.മനോജ്, സുജാത കൂടത്തിങ്ങൽ, ഡോ.എസ്.ജയശ്രീ, പി.സി.രാജൻ,  പി.കെ.നാസർ, അനുരാധ തായാട്ട്, സി.എസ്.സത്യഭാമ, പണ്ടാരത്തിൽ പ്രസീന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close