കോഴിക്കോട്: നഗരത്തിൽ കെട്ടിടങ്ങളിൽ പാർക്കിങ്ങിന് അനധികൃതമായി ഫീസ് ഈടാക്കുന്ന പരാതിയിൽ മാൾ ഉടമകളുടെയും അവരുടെ സംഘടനകളുടെയും യോഗം വിളിച്ചു ചേർക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ കെ.ടി.സുഷാജാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കോർപറേഷൻ നോട്ടീസ് നൽകിയിട്ടും മാളുകളിൽ പണപ്പിരിവ് തുടരുന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേക സംഘമുണ്ടാക്കി മാളുകളിൽ പരിശോധന നടത്തുന്നതായും നോട്ടീസ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ആർ.പി.മാളിൽ പണപ്പിരിവ് നിർത്തിയതായും സെക്രട്ടറി അറിയിച്ചു. 5000 രൂപ വരെ പിഴയീടക്കാനവും. മാളുകളിൽ അസാവശ്യമായി വാഹനങ്ങൾ നിർത്തിയിട്ടുപോവുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബന്ധപ്പെട്ടവർ പരാതിഴെപ്പടുന്നുണ്ട്. ഈ സഹാചര്യത്തിൽ കോർപറേഷൻ നയം രൂപവത്ക്കരിച്ച് നടപടികളെടുക്കുകയാണ് മാൾ ഉടമകളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുന്നതെന്ന് മേയർ പറഞ്ഞു. കല്ലായി ഭാഗത്ത് റെയിൽവേട്രക്കിൽ കാട് മൂടി നാട്ടുകാർക്ക് ബുദ്ധിമുട്ടാവുന്ന കാര്യം റെയിൽവേയുടെ ശ്രദ്ധയിൽ പെടുത്തും. എം.ബിജുലാലാണ് ശ്രദ്ധ ക്ഷണിച്ചത്. സി.ഡബ്ല്യു.ആർ.ഡി.എം പനാത്ത് താഴം റോഡ് റോഡ് നിർമ്മാണത്തെതുടർന്നുണ്ടായ വെള്ളക്കെട്ട് പ്രദേസശവാസികളെ ബുദ്ധിമുട്ടിലാക്കിയ കാര്യം അഡ്വ.സി.എം.ജംഷീർ ശ്രദ്ധ ക്ഷണിച്ചു. അടിയന്തര നടപടിക്കായി പൊതുമരാമത്ത് വകുപ്പിനെ സമീപിക്കും. നഗരത്തിൽ ലഹരി ഉപയോഗം വർധിക്കുന്ന കാര്യത്തിൽ കെ.മൊയ്തീൻ കോയയും തലക്കുളത്തൂർ പി.എച്.സിയിൽ കോർപറേഷൻ പരിധിയിൽ നിന്നെത്തുന്നവർക്ക് ചികിത്സ നിഷേധിക്കുന്ന കാര്യത്തിൽ വി.പി.മനോജും നഗത്തിലെ സ്കൂളുകളിൽ പി.എസ്.സി പരീക്ഷയടക്കമുള്ള കാര്യങ്ങൾ നടക്കുമ്പോൾ കോർപറേഷൻ അനുമതി തേടാത്തകാര്യത്തിൽ എൻ.സി. മോയിൻ കുട്ടിയും ശ്രദ്ധ ക്ഷണിച്ചു. ആയിശാബി പാണ്ടികശാല, ടി.കെ.ചരന്ദൻ, അനുരാധ തായാട്ട് തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോർപ്പറേഷൻ കൗൺസിൽയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ഡി.എഫ് അംഗം എ.കെ. അബൂബക്കർ അവതരിപ്പിച്ച പ്രമേയം എൽ.ഡി.എഫ് അംഗങ്ങളും ബി.ജെ.പിയും അംഗീകരിച്ചു.
കോംട്രസ്റ്റ് ഏറ്റെടുത്തുകൊണ്ടുള്ള ബിൽ 2012 ൽ നിയമസഭ അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തതാണ്. പത്ത് വർഷത്തോളമായിട്ടും സർക്കാർ തുടർ നടപടി സ്വീകരിച്ചില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തിന്റെ ഭൂമി അന്യാധീനപ്പെടുവാൻ സാദ്ധ്യതയുണ്ടെന്നും ഗൗരവമായ സാഹചര്യം പരിഗണിച്ച് ഫാക്ടറി ഏറ്റെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
മാങ്കാവ് – മേത്തോട്ട് താഴം റോഡിൽ നിന്നും എൻ.എച്ച്. ബൈപ്പാസിലേക്ക് അണ്ടർ പാസ്
അനുവദിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. മാങ്കാവ്- മേത്തോട്ടുതാഴം റോഡ് ചെന്ന് ചേരുന്നിടത്ത് ബൈപ്പാസിന്റെ പണി ആരംഭിക്കുന്നതോടുകൂടി അണ്ടർ പാസ് അനുവദിക്കണമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം കൗൺസിൽ യോഗം ഒറ്റക്കെട്ടായി പാസാക്കി. എൽ.ഡി.എഫ് കൗൺസിലർ എം.പി. സുരേഷാണ് പ്രമേയം അവതരിപ്പിച്ചത്.
മാങ്കാവിൽ നിന്നും തുടങ്ങി എൻ.എച്ച്.
ബൈപ്പാസിൽ ചെന്ന് ചേരുന്ന മാങ്കാവ്, കൊമ്മേരി , മേത്തോട്ടുതാഴം റോഡ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത് വരികയാണ്. ബേപ്പൂർ ,മീഞ്ചന്ത ,മാങ്കാവ് എന്നീ ഭാഗങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് വളരെ എളുപ്പത്തിൽ എത്തിപ്പെടുന്ന റോഡാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം നടപടി ആവശ്യപ്പെടുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ നിലവിലുള്ള മാസ്റ്റർ പ്ലാനിൽ നിന്നും 72ാം വാർഡിലെ പണിക്കർ തൊടി ഭാഗങ്ങളായ ഇൻഡസ്ട്രിയൽ പ്രമോഷൻ സോണിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ റസിഡൻഷ്യൽ സോണാക്കി മാറ്റണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെടില്ല. പകരം ഇവിടെ വീട് നിർമാണത്തിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമക്കി. എം.കെ. മഹേഷിന്റെ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു.
കരുവിശ്ശേരി ആയുർവേദ ഡിസ്പൻസറി മുമ്പ് പ്രവർത്തിച്ച കെട്ടിടത്തിന്‍റെ വാടക കൊടുത്തു തീർക്കാൻ കൗൺസിൽ തീരുമാനിച്ചു. തുക കിട്ടാനായി ഉടമ ഓംബുഡ്സ്മാനിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. വരുൺ ഭാസ്ക്കർ ചർച്ചയിൽ പങ്കെടുത്തു.
മാനാഞ്ചിറയിൽ സ്ത്രീകൾക്കായി ടോയ്‌ലറ്റ് സ്പോർട്സ് കൗൺസിലിൽ ഓഫീസിന് സമീപം ടോയ്ലറ്റ് നിർമിക്കും. റോട്ടറി ക്ലബാണ് ടോയ്ലറ്റ് നിർമ്മിച്ചു നൽകുക. മാനാഞ്ചിറയുടെ വാസ്തുഭംഗിക്ക് അനുസൃതമായി പ്ലാൻ തയ്യാറാക്കിയാകും നിർമ്മിക്കുക. നിർമ്മാണം പൂർത്തീകരിച്ച് മൂന്ന് മാസത്തിനകം കോർപ്പറേഷന് ഏൽപ്പിക്കും. കെട്ടിടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കോർപ്പറേഷനായിരിക്കും. പരിപാലനവും നടത്തിപ്പും സംബന്ധിച്ച് നഗരസഭ അതാത് സമയങ്ങളിൽ തീരുമാനിച്ച് നടപ്പാക്കും.
നഗരത്തിലെ പ്രധാന റോഡുകൾ ശുചീകരിക്കാൻ കോർപ്പേഷൻ റോഡ് സ്വീപ്പിംഗ് മെഷീൻ വാങ്ങും. 24 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ് വരിക.
മൂര്യാട് പാലം മുതൽ കോതി പാലം വരെ കല്ലായി പുഴയിലെ ചെളിയം മണ്ണും നീക്കം ചെയ്യുന്നതിന് 40 ലക്ഷം രൂപ അധികം അനുവദിച്ചു. നേരത്തെ ഏഴര കോടി അനുവദിച്ചിരുന്നു. ഇറിഗേഷൻ വകുപ്പാണ് പ്രവൃത്തി നടത്തുക.