പുതുതലമുറ ഏറ്റുവാങ്ങിയ നോവലുകളായിരുന്ന ബെന്ന്യാമില്‍ നിന്നും പിറവികൊണ്ടവയില്‍ ഏറെയും. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ തന്മയത്വത്തോടെ തന്നിലേക്ക് ആവാഹിച്ച് കഥകള്‍ മെനയുന്നതിലും, വരികളില്‍ ആയിരം അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നതിലും ബെന്ന്യാമിന്‍ പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥ എടുത്തു പറയേണ്ടവ തന്നെ. രാഷ്ട്രീയവും ജീവിതവും കൈകാര്യം ചെയ്യുന്നതില്‍ ബെന്ന്യാമിന്‍ എന്ന എഴുത്തുക്കാരന്‍ കാണിച്ച സത്യസന്ധതയാണ് ഇന്ന് വായനാലോകത്തിന് ആവശ്യവും. എന്നാല്‍ തന്റെ ഔദ്യോഗിക ജീവിതത്തിന് ചെറിയ ഇടവേള നല്‍കുകയാണ് ബെന്ന്യാമിന്‍. ഇതുവരെ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയേക്കാള്‍ അതികഠിനമാണ് താന്‍ ഇന്ന് നേരിടുന്നതെന്ന് ബെന്ന്യാമിന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ കുറിക്കുന്നു.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
‘കഴിഞ്ഞ രണ്ടു മാസത്തില്‍ ചെറുതും വലുതുമായ 45 പരിപാടികളിലാണ് എനിക്ക് പങ്കെടുക്കേണ്ടി വന്നത്. അതില്‍ വളരെ കുറച്ചു മാത്രമാണ് സ്വന്തം ഇഷ്ടപ്രകാരം പങ്കെടുത്തത്. ബാക്കിയെല്ലാം പലരുടെയും സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി പങ്കെടുക്കേണ്ടി വന്നവയാണ്. ഇതു കൂടാതെയാണ് ഓണ്‍ ലൈന്‍ വഴിയുള്ള മീറ്റിംഗുകള്‍, സന്ദേശങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവ.
ഇത്രയധികം വിളികളും സമ്മേളനങ്ങളും മെസേജുകളും താങ്ങാന്‍ എനിക്ക് ശേഷിയില്ല. യാത്രകളുടെ ആധിക്യം മനസിനെയും ശരീരത്തെയും സാരമായി ബാധിക്കുന്നു. രക്ത സമ്മര്‍ദ്ദം വല്ലാതെ കൂടിയിരിക്കുന്നു. വായനയും എഴുത്തും വേണ്ടവണ്ണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് പുതിയ വര്‍ഷത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുന്നു. പൊതു പരിപാടി മാസത്തില്‍ രണ്ട് എന്നതിലേക്ക് കുറയ്ക്കുന്നു. അവതാരികകള്‍, ആശംസകള്‍, സന്ദേശങ്ങള്‍ പുസ്തക പ്രകാശനങ്ങള്‍ എന്നിവ തത്ക്കാലത്തേക്ക് പുര്‍ണ്ണമായും ഒഴിവാക്കുന്നു. ദയവായി സാഹചര്യം മനസിലാക്കി എല്ലാവരും സഹകരിക്കുക. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ വിളികളും മെസേജുകളും ഒഴിവാക്കുക. പരിപാടികളില്‍ പങ്കെടുക്കാന്‍ വെറുതെ നിര്‍ബന്ധിക്കരുത്. എനിക്ക് കര്‍ശനമായി നിരസിക്കേണ്ടി വരും. ആരോടുമുള്ള പിണക്കമായി അതിനെ കാണരുത്. ഇത്തിരി കൂടി സ്വസ്ഥത വേണം. അത്രേ ഉള്ളു. പകരമായി കാലം അനുവദിച്ചാല്‍ പുതിയ നോവല്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. എല്ലാവര്‍ക്കും നന്ദി. സ്‌നേഹം’
മുന്നോട്ടുള്ള ജീവിതത്തെ കൂടുതല്‍ ഉത്കണ്ഠതയോടെ കാണേണ്ടിയിരിക്കുന്നു എന്ന് ബെന്ന്യാമിന്‍ തന്നെ വ്യക്തമാക്കുന്നു. എഴുത്തുലോകത്തെ മാറ്റി നിര്‍ത്തിയുള്ള ഒരു ജീവിതം കലാകാരന് അനുവദീയമല്ല, കാലം അംഗീകരിക്കില്ല എന്നതാണ് സത്യം. മറ്റുള്ളവരുടെ ആകുലതകളും ചിന്തകളും വരച്ചെടുത്ത ഒരു സാഹിത്യക്കാരന് പ്രത്യേകിച്ചും. നീണ്ട വിശ്രമങ്ങളില്ല…ചെറിയൊരു ഇടവേള മാത്രം.