കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ മേല്‍ കാലങ്ങളായി നടത്തി വരുന്ന അതിക്രമങ്ങളാണ് വഖഫ് സ്വത്തുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതും, അന്യാധീനപ്പെടുന്നതും. ഇസ്ലാമിക ശരീഅത്തിനും രാജ്യത്തെ വഖ്ഫ് നിയമങ്ങള്‍ക്കും വിപരീതമായാണ് ഇത് നടപ്പാക്കപ്പെടുന്നത്. കള്ളന്‍ കപ്പലില്‍ തന്നെ എന്ന് പറയുന്നത് പോലെയാണ് വഖഫ് ബോര്‍ഡും അതിനുള്ളില്‍ നടന്ന് വരുന്ന പ്രവര്‍ത്തനങ്ങളും. വഖഫ് സ്വത്തുക്കളുടെ പവിത്രതയും മൂല്യവും സംരക്ഷണവും കാര്യക്ഷമതയും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത ബോര്‍ഡ് അംഗങ്ങള്‍ക്കാണെന്ന ഉത്തരവാദിത്വം നിലനില്‍ക്കെയാണ് വഖഫ് സ്വത്തുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരമാണ് മുസ്ലിംലീഗ് നേതാവ് എംസി മായിന്‍ ഹാജിയുടെ ഭാര്യ സഹോദരന്‍ എടി ബഷീറിന്റെ പേരിലേക്ക് മാറ്റപ്പെട്ട കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ സ്വത്തുവകകളെന്ന് എന്‍. കെ അബ്ദുള്‍ അസീസ് വ്യക്തമാക്കുന്നു. നിയമം അട്ടിമറിച്ച് കൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വഖഫ് ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാനുള്ള വിധി സ്വാഗതാര്‍ഹമാണെന്ന് അബ്ദുള്‍ അസീസ് പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്;
പോരാട്ടം വിജയത്തിലേക്ക്..
കാലങ്ങളായി വഖഫ് ബോര്‍ഡ് സ്വത്തുക്കളില്‍ നടന്നു വന്നിരുന്ന തിരിമറികളിലും, തട്ടിപ്പുകളിലും അന്യാധീനപ്പെട്ടു പോയ മുഴുവന്‍ സ്വത്തുവകകളും തിരിച്ചു പിടിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നടപടികളുടെ ആദ്യ ഘട്ടമായി മുസ്ലിംലീഗ് നേതാവ് എംസി മായിന്‍ ഹാജിയുടെ ഭാര്യ സഹോദരന്‍ എടി ബഷീറിന്റെ പേരിലേക്ക് മാറ്റപ്പെട്ട കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ സ്വത്തുവകകള്‍ തിരിച്ചു പിടിക്കാനുള്ള വഖഫ് ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോടികള്‍ മൂല്യം വരുന്ന വഖഫ് ഭൂമികളും കെട്ടിടങ്ങളും സ്വകാര്യ ട്രസ്റ്റിന്റെയോ വ്യക്തികളുടെയോ പേരിലേക്ക് മാറ്റിയെഴുതിയ വിവരങ്ങള്‍ തെളിവുകളോടെ പുറത്തു വന്നിട്ടും, അതിനെതിരെ പ്രതിഷേധിക്കാനോ, പ്രതികള്‍ക്കും ആരോപണ വിധേയരായവര്‍ക്കും എതിരെ ചെറു വിരലനക്കാനോ കപട സമുദായ സ്‌നേഹികള്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതിന്റെ കാരണമെന്തായിരിക്കും? പരിപാവനമായ വഖഫ് സ്വത്ത് തട്ടിപ്പുകള്‍ക്ക് പിന്നില്‍ മുഴുവന്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളോ, അവരുടെ അടുപ്പക്കാരോ ആരോപണ വിധേയരാവുന്നത് യാദൃശ്ചികമായി കരുതാനാവില്ല.
അതുകൊണ്ട് തന്നെ വിപ്ലവകരമായ ഈ തീരുമാനമെടുക്കാന്‍ സധൈര്യം മുന്നോട്ട് വന്ന മന്ത്രി ശ്രീ. വി അബ്ദുറഹ്‌മാനും, വഖഫ് ചെയര്‍മാന്‍
ടികെ ഹംസ സാഹിബിനും, സര്‍വ്വോപരി എല്ലാ പിന്തുണയും നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യങ്ങള്‍ നേരുന്നു.
സമുദായ സ്നേഹികളായ മഹാരഥന്മാര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി വഖഫ് ചെയ്ത സ്വത്തുക്കളിലാണ് കാലങ്ങളായി തട്ടിപ്പുകള്‍ നടന്നു കൊണ്ടിരുന്നത്. തട്ടിപ്പ് നടത്താനും, തട്ടിപ്പുകാരെ സംരക്ഷിക്കാനും, അതിനെ ന്യായീകരിക്കാനും മുസ്ലിംലീഗിനും നേതാക്കള്‍ക്കും യാതൊരു പരിമിതികളും ഉണ്ടായിരുന്നില്ല.
വഖഫ് സ്വത്തുക്കളിലെ തിരിമറികള്‍ പുറത്തു കൊണ്ടുവരാന്‍ നാളുകളായി നടത്തി വന്നിരുന്ന പല ശ്രമങ്ങളും ഫലം കാണുന്നതിലുള്ള സന്തോഷവും ചെറുതല്ല. നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും ശക്തമായ പിന്തുണ നല്‍കി വരുന്ന മുഴുവന്‍ അഭ്യുതകാംക്ഷികള്‍ക്കും, യഥാര്‍ത്ഥ സമുദായ സ്‌നേഹികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.’
ആര് ഭരിച്ചാലും വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ക്ക് മേല്‍ അധികാരം കൈവശപ്പെടുത്തികൊണ്ടുള്ള ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മറിച്ചായാല്‍ വിശ്വാസികളെ നോക്കുകുത്തികളാക്കി കൊണ്ട് നേതാക്കള്‍ സ്വന്തം നിലമെച്ചപ്പെടുത്തികൊണ്ടേയിരിക്കും.