കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്. ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് ഉന്നയിക്കുന്ന വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും ഭീഷണിപ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിലീപടക്കം ആറുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം.ബൈജു പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയിരുന്നവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ദിലീപും മറ്റു പ്രതികളും ചേര്‍ന്നുള്ള സംഭാഷണത്തിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ദിലീപിന്റെ ഡ്രൈവര്‍ അപ്പു, ചെങ്ങമനാട് സ്വദേശിയായ ബൈജു എന്നിവരും പേരറിയാത്ത ഒരാളും അടക്കം 6 പേരെ പ്രതി ചേര്‍ത്താണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന തുടങ്ങി ഐ.പി.സി. സെക്ഷന്‍ 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.