കോഴിക്കോട് : വീണ്ടും സജീവമായ ഹണിട്രാപ് സംഘങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് . അറിയിപ്പ് ഇങ്ങനെ:
അപരിചിതമായ പ്രൊഫൈലുകളിൽ നിന്ന് വരുന്ന സൗഹൃദക്ഷണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വീഡിയോ കോളിന് ക്ഷണിക്കുകയും, കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം.ട്രാപ്പിൽപെട്ടാൽ യാതൊരു കാരണവശാലും തട്ടിപ്പുകാർക്ക് പണം കൈമാറരുത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുക.
#keralapolice