INDIAVIRAL

ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാളിനെതിരെ രൂക്ഷപരാമര്‍ശം, മാപ്പപേക്ഷിച്ച് നടന്‍ സിദ്ധാര്‍ത്ഥ്; സ്വാഗതം ചെയ്ത് സൈന

 

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെ മുന്‍നിര്‍ത്തി നടന്‍ സിദ്ധാര്‍ത്ഥ് നടത്തിയ പരാമര്‍ശം വിവാദമായതോടെ മാപ്പപേക്ഷിച്ച് രംഗത്തെത്തിയ സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ സ്വാഗതം ചെയ്തു സൈന. അറിഞ്ഞോ അറിയാതെയോ സത്രീകള്‍ക്കെതിരായി നടത്തിയ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം നിലപാട് തിരുത്താന്‍ സിദ്ധാര്‍ത്ഥ് കാണിച്ച മനസ്സ് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സൈന പറഞ്ഞു.

‘മോശമായ രീതിയിലുള്ള പരാമര്‍ശം നടത്തിയത് സിദ്ധാര്‍ഥാണ്. ഇപ്പോള്‍ അദ്ദേഹം തന്നെ മാപ്പും പറഞ്ഞിരിക്കുന്നു. സിദ്ധാര്‍ഥുമായി ഞാന്‍ സംസാരിച്ചിട്ടില്ല. എന്നാലും അദ്ദേഹം മാപ്പു പറഞ്ഞതില്‍ സന്തോഷമുണ്ട്’ നിലവില്‍ നടന്നുവരുന്ന ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനിടെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സൈന നടത്തിയ പ്രതികരണമാണിത്.

സൈനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വിറ്റര്‍ കുറിപ്പ് വിവാദമായതോടെ കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷമാപണം നടത്തിക്കൊണ്ടുളളക്കുറിച്ച് സിദ്ധാര്‍ത്ഥ് പങ്ക് വയ്ക്കുന്നത്.

ഒരു തരത്തിലുമുള്ള ദുരുദ്ദേശ്യത്തോടെയല്ല പരാമര്‍ശം നടത്തിയത്. ഒരു തമാശയായി മാത്രമേ കരുതിയിരുന്നുള്ളു. ഈ വിഷയം മറന്നുകളയാമെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

സിദ്ധാര്‍ഥിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം നിങ്ങളുടെ ട്വീറ്റിന് താഴെ ഞാന്‍ പങ്കുവെച്ച പരുഷമായ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. നിങ്ങളുമായി പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുകളുണ്ട്. എങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോള്‍ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്റെ വാക്കുകളെയും അതിന്റെ അര്‍ഥത്തെയും ന്യായീകരിക്കാന്‍ കാരണമല്ല. ഇനി ആ തമാശയെക്കുറിച്ച്… ഒരു തമാശ മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കേണ്ടി വന്നാല്‍ അത് നല്ല തമാശ അല്ലെന്നാണ് അര്‍ഥം.

എന്നിരുന്നാലും, എന്റെ തമാശയ്ക്ക് ആരോപിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഫെമിനിസം എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍, അതിനാല്‍ എന്റെ ട്വീറ്റില്‍ ലിംഗഭേദമായ് യാതൊരു അര്‍ഥവും സൂചിപ്പിച്ചിട്ടില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളെ ആക്രമിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നു എന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും നിങ്ങള്‍ എന്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങള്‍ എക്കാലവും എന്റെ ചാമ്പ്യനായിരിക്കും. എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് സൈനയുടെ പോസ്റ്റിന് താഴെ സിദ്ധാര്‍ത്ഥ് വിവാദപരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ നിന്ന് പാതിവഴിയില്‍ തിരിച്ചെത്തിയതിനെ കുറിച്ച് സൈന തന്റെ അഭിപ്രായം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.

സൈനയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സ്വന്തം പ്രധാനമന്ത്രിയുടെ കാര്യത്തില്‍ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടായാല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍. എന്നായിരുന്നു സൈനയുടെ കുറിപ്പ്. എന്നാല്‍ പോസ്റ്റിന് താഴെയായി സിദ്ധാര്‍ത്ഥ് തമാശ രൂപേണ മറുപടി നല്‍കുകയായിരുന്നു.

‘സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.

ട്വീറ്റ് വിവാദമായതോടെ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തുകയും ചെയതതോടെയാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്. ‘ഈ മനുഷ്യന് ചില പാഠങ്ങള്‍ ആവശ്യമാണ്. ട്വിറ്ററില്‍ എന്തുകൊണ്ടാണ് ഈ വ്യക്തിയുടെ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നത്? ബന്ധപ്പെട്ട പോലീസിനെ സമീപിക്കുക’, രേഖ പറഞ്ഞു. വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തുവാനും മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സ്വന്തം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയതും മാപ്പപേക്ഷ സ്വാഗതം ചെയ്ത് കൊണ്ടുള്ള സൈനയുടെ മറുപടി പുറത്ത് വന്നതിന് പിന്നാലെ തുടര്‍ നടപടികള്‍ എന്താകുമെന്ന് കണ്ടറിയാം,

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close