കൊച്ചി: എറണാകുളം വൈറ്റിലയില്‍ ട്രാഫിക് പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. ട്രാഫിക് പരിഷ്കാരനടപടികള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
ജംക്ഷനിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍നിന്ന് ജംക്ഷന് കടന്നുപോകുന്നത് തടയും. പാലാരിവട്ടത്തുനിന്ന് എറണാകുളത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ മേല്‍പ്പാലം കയറി തൈക്കൂടം വഴി യു ടേണ്‍ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് കടന്ന് പോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പൊന്നുരുന്നി ഭാഗത്തുനിന്ന് എസ്.എ റോഡും, തൃപ്പൂണിത്തുറ റോഡും ഉപയോഗിക്കാം.
അതേസമയം കണിയാമ്പുഴ റോഡില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്ക് തിരിയാന്‍ അനുവദിക്കില്ല. ആലപ്പുഴ, എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള ട്രാഫിക് സംവിധാനങ്ങള്‍ തുടരും. നിയന്ത്രണം തെറ്റിച്ചെത്തുന്നവരെ വഴി തിരിച്ചുവിടുമെന്നും ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.