തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡുതല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഡുതല കമ്മിറ്റികള്‍ രൂപീകരിച്ച് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ പ്രവര്‍ത്തന സജ്ജമാക്കും. വോളണ്ടിയര്‍മ്മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളിലും കോവിഡ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
കുടുംബശ്രീ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും. പ്രദേശത്തെ രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം.
ഓരോ പ്രദേശത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം സംബന്ധിച്ച് വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.