കൽപ്പറ്റ: ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാതെ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ . പ്രളയവും, കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് വയനാട് പതിയെ കരകയറി വരുന്ന സമയത്താണ് വീണ്ടും അടച്ചിടൽ ഭീഷണി ഉയരുന്നത്.
ലക്ഷക്കണക്കിന് രൂപ ബാധ്യതയിലാണ് ഇപ്പോൾ തന്നെ ടൂറിസം രംഗത്തെ സംരഭകർ.
ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയതും വൈദ്യതി, ജി എസ് ടി എന്നിവ മുടങ്ങിയതിൻ്റെ ബാധ്യതകളും നിലനിൽക്കുന്ന ഘട്ടത്തിൽ ഉണർന്ന് തുടങ്ങിയ ടൂറിസം മേഖലയെ വരവേൽക്കാൻ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയതും ബാധ്യതയുടെ ആഴം കൂട്ടുകയാണ് ചെയ്തത്.
ശനി ഞായർ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അടച്ചിടുക എന്നത് പുനപരിശോധിക്കണമെന്നും നിയന്ത്രണങ്ങളോടെ തുറന്ന് നൽകണമെന്നും വയനാട് ടൂറിസം അസോസിയേഷൻ (WTA) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സൈതലവി, ജില്ലാ സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ ട്രഷറർ സൈഫുള്ള വൈത്തിരി, ബാബു ബത്തേരി, വർഗീസ് വൈത്തിരി,അബ്ദുറഹ്മാൻ മാനന്തവാടി,അലിബ്രാൻ, പ്രബിത എന്നിവർ സംസാരിച്ചു.