കോഴിക്കോട്: കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റിന് സ്ഥലം ഏറ്റെടുക്കാൻ 20,2004807 രൂപ കൂടി അനുവദിക്കാൻ തീരുമാനം. മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നേരത്തെ നഗരസഭ നൽകിയ രണ്ട് കോടി രൂപ കൂടാതെയാണിത്. അടിയന്തിരമായി തുക അനുവദിക്കണമെന്ന് കാണിച്ച് സ്പെഷ്യൽ തഹസിദാർ
അപേക്ഷ നൽകിയിരുന്നു. നിർണ്ണയിച്ച തുക കൂടുതലാണോയെന്ന് പരിശോധിച്ച ശേഷം ജില്ല കലക്ടർ പ്രഖ്യാപിച്ച വിശദ വില വിവരപട്ടിക കൂടി പരിഗണിച്ച ശേഷമാണ് നടപടി. സ്വകാര്യ പങ്കാളിത്തത്തോടെ മാർക്കറ്റ് പണിയാൻ 178.5 സെന്‍റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 60 സെന്‍റ് സ്ഥലത്തിന്‍റെ അക്വിസിഷനാണ് നിർമ്മാണക്കമ്പനിക്ക് വേണ്ടി അടിയന്തിരമായി നടത്തേണ്ടത്. കല്ലുത്താൻ കടവ് ചേരി പൊളിച്ച 1.8 ഏക്കർ ഭൂമിയിൽ മാർക്കറ്റ് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. മാളുകളിൽ അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കിയാൽ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. അരയിടത്ത് പാലത്ത് മാളിൽ വണ്ടി നിർത്തിയയാൾക്ക് മാളുകാർ നൽകിയ കാർഡ് നഷ്ടപ്പെട്ടതിന് 300 രൂപ പിഴ ഈടാക്കിയെന്ന് എൻ.സി. മോയിൻ കുട്ടിയാണ് ശ്രദ്ധ ക്ഷണിച്ചത്. സംഭവം അന്വേഷിച്ചതിൽ 500 രൂപ വിലവരുന്ന കാർഡ് തിരിച്ച് നൽകാത്തതിനുള്ള നഷ്ടമാണ് ഈടാക്കിയതെന്നാണ് മാളുകാരുടെ വിശദീകരണമെന്ന് മേയർ അറിയിച്ചു. കെട്ടിടങ്ങളിലേക്കുളള വാഹനത്തിന് പാർക്കിങ് ഫീസ് പാടില്ലെന്ന് ഹൈക്കോടതി വിധിയുള്ള സാഹചര്യത്തിൽ കൂടുതൽ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടാവും. വെള്ളിമാട്കുന്ന് ബാല മന്ദിരത്തിൽ പെൺകുട്ടികളെ കാണാതാകയതിൽ വീഴ്ചയുണ്ടെന്നും സർക്കാർ നടപടിക്കൊപ്പം കോർപറേഷന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പരിശോധിച്ച് നടപടിയുണ്ടാകവുമെന്നും മേയർ പറഞ്ഞു. നവ്യ ഹരിദാസാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കുട്ടികളെ കുറ്റപ്പെടുത്തുന്ന വിധമാണ് അധികാരികളുടെ പ്രതികരണമെന്ന് അവർ പറഞ്ഞു. കോർപറേഷൻ കെട്ടിടങ്ങൾക്ക് ടെണ്ടർ ക്ഷണിക്കുമ്പോൾ വയറിങ്ങും പ്ലംബിങും കൂടി നടത്താൻ വ്യവസ്ഥയുണ്ടാവണമെന്നും പല കെട്ടിടങ്ങളും പണി കഴിഞ്ഞ് വെറുതെ കിടക്കുകയാണെന്നും എസ്. കെ.അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. തെറ്റായ കാരണങ്ങൾ പറഞ്ഞ് പെൻഷൻ തള്ളിയ ഉദ്യോഗസ്ഥ തീരുമാനത്തിനെതിരെ നടപടിക്ക് യോഗം തീരുമാനിച്ചു. വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് ശിവസൂര്യൻ എന്നയാളുടെ അപേക്ഷയിൽ നിത്യകൂലിക്ക് പോകുന്നു എന്നും മെച്ചപ്പെട്ട ജീവിതം ആണെന്നും പെൻഷന് അർഹത ഇല്ല എന്നും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി അപേക്ഷ തള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തെറ്റായ റിപ്പോർട്ടാണ് നൽകിയതെന്നും തനിക്ക് ലഭിക്കേണ്ട വാർദ്ധക്യ കാല പെൻഷൻ കിട്ടാൻ നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഇയാൾ ഡെപ്യൂട്ടി മേയർക്ക് അപേക്ഷ സമർപ്പിച്ചു. അപേക്ഷയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം വീട്ടിലെത്തി റിപ്പോർട്ട് ചെയ്യുന്നതിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. സേലത്ത് നിന്ന് വന്ന് താമസമാക്കിയ പാവപ്പെട്ട ആളാണ് എന്നും സാമൂഹിക സന്നദ്ധപ്രവർത്തകർ അടക്കം സഹായിച്ചാണ് 600 ചതുരശ്ര അടി വീട് പണിതതെന്നും കണ്ടെത്തി. മുമ്പ് ഷീറ്റ് മേഞ്ഞവീട്ടിൽ ആയിരുന്നു. പെൻഷന് അർഹതപ്പെട്ട ആളാണ് എന്നും തമിഴ്‌നാട്ടിൽ നിന്ന് ആനുകൂല്യവും വാങ്ങിക്കുന്നില്ല എന്ന ഒരു സാക്ഷ്യപത്രം കൂടി ഹാജരാക്കുന്ന മുറക്ക് പെൻഷൻ അനുവദിക്കുന്ന വിഷയം പരിഗണിക്കാവുന്നതാണെന്നുമാണ് പുതിയ റിപ്പോർട്ട്.
കുടിവെള്ള പൈപ്പ് പൊട്ടുന്നതും മറ്റുമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. വേങ്ങേരി മലാപ്പറമ്പ് ബൈപ്പാസ് റോഡിൽ പൈപ്പ് പൊട്ടി 2.5 ലക്ഷം ലിററർ കുടിവെള്ളം നഷ്ടമായ കാര്യത്തിൽ കെ.സി.ശോഭിതയാണ് ശ്രദ്ധ ക്ഷണിച്ചത്. അതി ദരിദ്രരെ കണ്ടെത്താനുള്ള സർവെയുടെ കരട് ലിസ്റ്റ് 31ന് പ്രസിദ്ധീകരിക്കാനും അത് അംഗീകരിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പ്രത്യേക കൗൺസിൽ യോഗം ചേരാനും തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്,കെ.മൊയ്തീൻ കോയ, പി.ദിവാകരൻ, ടി.റനീഷ്, കെ.നിർമ്മല തുടങ്ങിയവരും സംസാരിച്ചു.