കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികളെയും പിടികൂടി. മലപ്പുറം സ്വദേശിനിയായ ഉമ്മുക്കുല്‍സു (42), താനൂര്‍ സ്വദേശിയായ ഷംസുദീന്‍ (39) എന്നിവരാണ് പിടിയിലായത്. യുവതിയെ മണിക്കൂറുകള്‍ക്കകം തന്നെ മലപ്പുറത്ത് നിന്ന് പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. കൊലപാതകം നടന്ന വാര്‍ഡ് അഞ്ചില്‍ നിന്നാണ് വനിതാ അന്തേവാസി രക്ഷപ്പെട്ടത്. വാര്‍ഡിന്റെ ചുവരിന്റെ ഒരുഭാഗം നനച്ച് പുതര്ത്തിയ ശേഷം സ്റ്റീല്‍ പാത്രം ഉപയോഗിച്ച് തുരക്കുകയായിരുന്നു. വൈകീട്ടോടെ മലപ്പുറം കലക്ടറുടെ ക്യാമ്പ് ഓഫീസിലെത്തിച്ച യുവതിയെ ഗാര്‍ഡ് തിരിച്ചറിഞ്ഞതോടെ വനിതാ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ ഇവരെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം രണ്ടാം വാര്‍ഡിലെ അന്തേവാസിയായ യുവാവ് കുളിക്കാനായാണ് പുറത്തിറങ്ങിയത്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് അന്തേവാസികള്‍ ചാടിപ്പോയ വിവരം അറിയുന്നത്.
യുവാവിനെ കഴിഞ്ഞ നവംബറിലാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുന്നത്. യുവതിയെ ജനുവരിയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമാണ് കുതിരവട്ടത്ത് എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു വീണ്ടും സുരക്ഷാ വീഴ്ച.
കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു ഇയാള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്.
അതേസമയം കുതിരവട്ടത്ത് നിന്ന് തടവു ചാടിയ പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താനൂര്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിയെ പിടികൂടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസുകാര്‍ , ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും.