കോഴിക്കോട് : പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡ് കുടിച്ച് പൊള്ളലേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ബീച്ചിലെ തട്ടുകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന. കോര്‍പ്പറേഷന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്. ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാള്‍ വീര്യത്തില്‍ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം അളവില്‍ മാത്രമാണ് അസറ്റിക്ക് ആസിഡ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പരിശോധനയോടൊപ്പം വ്യാപാരികളെ ബോധവത്ക്കരിക്കാനുള്ള നടപടികളും കോര്‍പ്പറേഷന്‍ സ്വീകരിക്കും.
വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റത്. ഉപ്പിലിട്ടതു കഴിച്ച്എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പുയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായക്കുപൊള്ളലേറ്റു. ഈ കൂട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണുപരിക്കേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.