കൽപ്പറ്റ :
കാട്ടുപന്നിയെ വെർമിൻ ആയി പ്രഖ്യാപിക്കാനുള്ള ലിസ്റ്റിൽ വയനാട് ജില്ലയിൽ ഏറ്റവും രൂക്ഷമായി 12 വില്ലെജുകൾ ഒഴിവാക്കിയിരിക്കുന്നു.
വയനാട്ടിലെ 49 വില്ലെജുകളിൽ കാട്ടുപന്നികളില്ലാത്ത സ്ഥലങ്ങളില്ല.
മുനിസിപ്പാലിറ്റികളിൽ പോലും പകൽ സമയങ്ങളിൽ കാട്ടുപന്നികൾ ഭീതിയില്ലാതെ അലയുന്നത് കാണാം.
കുപ്പാടി, നെന്മേനി, കിടങ്ങനാട്, നൂൽപ്പുഴ, സുൽത്താൻ ബത്തേരി, ചീരാൽ, തൊണ്ടർനാട്, അച്ചൂരണം, കുപ്പാടിത്തറ , പൊരുന്നന്നൂർ, കോട്ടത്തറ, നല്ലൂർനാട് തുടങ്ങിയ വില്ലെജുകൾ കേരള വനംവകുപ്പ് തയ്യാറാക്കിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തങ്ങളുടെ വിളകൾക്കും ജീവനും ഭീഷണിയാകുന്ന ഈ വന്യമൃഗങ്ങളിൽ നിന്ന് രാവും പകലും ഒരുപോലെ ശല്യം നേരിടുന്നതിനാൽ തങ്ങളോട് കൂടിയാലോചിക്കാതെയാണ് ഇവ ചെയ്യുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
ജില്ലയിൽ കാട്ടുപന്നി ശല്യമുള്ള മുഴുവൻ വില്ലെജുകൾ ഉൾപ്പെടുത്തി പുതുക്കിയ ലിസ്റ്റ് അടിയന്തിരമായി കേന്ദ്രത്തിലേക്ക് അയക്കണമെന്ന് കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്‌സ് അസോസിയേഷൻ – കിഫ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുപന്നിയെ വെർമിൻ ആയി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കേരള സർക്കാർ കഴിഞ്ഞ 2 വർഷമായി തുടരുന്ന ഒളിച്ചുകളിയുടെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വില്ലേജ് ലിസ്റ്റ് എന്നും കിഫ ആരോപിച്ചു.
ഈ ഒളിച്ചുകളി അവസാനിപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ കാട്ടു പന്നി ശല്യമുള്ള എല്ലാ വില്ലേജ്കളും ഉൾപ്പെടുത്തി എത്രയും പെട്ടന്ന് കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും കിഫ ആവശ്യപ്പെട്ടു .