നടനവിസ്മയം കെ പി എ സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യശശ്ശരീരനായ സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് മകന്‍. മകള്‍ ശ്രീക്കുട്ടി. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25നായിരുന്നു ജനനം. പിതാവ് അനന്തന്‍ നായര്‍, അമ്മ ഭാര്‍ഗവിയമ്മ.
നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലു വട്ടവും ലഭിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത അമരം, വെങ്കലം, ആരവം ലളിതയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായിരുന്നു.
തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെ ലളിത സിനിമയില്‍ അരങ്ങേറി.
നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങീ സത്യന്‍-പ്രേം നസീര്‍ ചിത്രങ്ങളില്‍ സഹനായിക വേഷങ്ങളിലെത്തി.
വിയറ്റ്‌നാം കോളനി, കോട്ടയം കുഞ്ഞച്ചന്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, മേഘം, മണിച്ചിത്രത്താഴ്, സന്ദേശം, ആദ്യത്തെ കണ്‍മണി,പൊന്‍മുട്ടയിടുന്ന താറാവ്, എന്നിവയിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ എന്നിവയാണ് ശ്രദ്ധേയ തമിഴ് ചിത്രങ്ങള്‍.