….ഇ ന്യൂസ് ഇംപാക്ട്….
കോഴിക്കോട് : സംസ്ഥാന പോലീസ് സേനയിൽ ക്ഷേത്രപിരിവ് നടത്താൻ സ്റ്റേഷൻ ചുമതല വഹിക്കുന്ന സിഐ ഉൾപ്പെടെയുള്ള യൂണിറ്റ് മേധാവിമാർക്ക് നിർദ്ദേശം നൽകിയ ഉത്തരവിനെതിരെ പോലീസ് അസോസിയേഷൻ രംഗത്ത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പിരിവിനെതിരെ ഇ ന്യൂസ് നൽകിയ വാർത്തയ്ക്കു പിന്നാലെയാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ
സെക്രട്ടറി സി. ആർ. ബിജു രംഗത്തെത്തിയത്.പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് നിർബന്ധിത പിരിവ് നടത്തി ആരാധനാലയ നടത്തിപ്പുകാരായി
പോലീസ് വകുപ്പ് മാറേണ്ടതില്ലെന്നും
പണപ്പിരിവും, അമ്പലം നടത്തിപ്പും എന്തിന് പോലീസ് ചെയ്യുന്നു എന്നും ഇത് തീരുമാനമെടുക്കേണ്ടവർ ഗൗരവമായി പരിശോധിച്ച് ശരിയായ തീരുമാനത്തിലേക്ക് എത്തേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം :
‘ സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആയി രാജ്യവും, അതിൽ ഒരു സംസ്ഥാനമായി കേരളവും മാറിയെങ്കിലും, രാജഭരണ കാലത്തെ ചില ശേഷിപ്പുകൾ ഇന്നും നമ്മുടെ പോലീസിൽ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്ന് മാത്രമാണ് മുതലക്കുളം അന്നപൂർണ്ണേശ്വരി ക്ഷേത്രം. സാമൂതിരിയുടെ കാലത്ത് തന്നെ നിലനിന്നിരുന്ന ഈ ക്ഷേത്രം അന്ന് മുതൽ തന്നെ രാജാവിന്റെ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ജനാധിപത്യത്തിലേക്ക് മാറ്റപ്പെട്ടപ്പോൾ സൈനിക കേന്ദ്രങ്ങൾ സേനയുടെ ഭാഗമായി. ഇന്ത്യൻ ജനാധിപത്യത്തിൽ ആഭ്യന്തരം സംസ്ഥാന സർക്കാരുകളുടെ ഭാഗമായതിനാൽ ഇത്തരം സൈനിക കേന്ദ്രങ്ങൾ ഏതാണ്ട് എല്ലാം സംസ്ഥാന പോലീസിന്റെ ഭാഗമായി. ഇത്തരത്തിൽ സംസ്ഥാന പോലീസിന്റെ ഭാഗമായ പല പോലീസ് കോമ്പൗണ്ടുകിലും അമ്പലങ്ങളും, ചില സ്ഥലങ്ങളിൽ പള്ളികളും നിലനിൽക്കുന്നു.
പോലീസ് സേനാംഗങ്ങൾ ഇത്തരം ആരാധനാലയങ്ങൾ അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഉപയോഗിച്ചും വരുന്നുണ്ട്.
ജാതി – മത വ്യത്യാസമില്ലാതെ ഏകോദര സോദരങ്ങളായി ക്രമസമാധാന പരിപാലനം നടത്തി വരുന്ന പോലീസാണ് നമ്മുടെ കേരളാ പോലീസ്. ഔദ്യോഗിക വേഷത്തിൽ ജാതി – മത സാഹചര്യം തിരിച്ചറിയാൻ കഴിയുന്ന ഒരു അടയാളവും ഉണ്ടാകാൻ പാടില്ല എന്ന വ്യക്തമായ നിയമം ഉള്ള വകുപ്പാണ് പോലീസ്. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ചിന്തിക്കുമ്പോഴാണ് പരമ്പരാഗതം എന്ന് ചിലർ പറയുന്നുണ്ടെങ്കിലും അതിലും തിരുത്തലുകൾ ആവശ്യമുള്ള ഇതുപോലെ പലതും ഇനിയുമുണ്ട് എന്ന് കാണാൻ കഴിയുന്നത്.
തന്ത്ര പ്രധാനമായ ആയുധപ്പുര ഉൾപ്പെടെയുളള പോലീസ് കോമ്പൗണ്ടിനുള്ളിലെ ആരാധനാലയങ്ങളിൽ ഇന്ന് ആരാധനയ്ക്കും, നിസ്കാരത്തിനുമായി പോലീസ് ഉദ്യോഗസ്ഥന്മാർ അല്ലാതെ, പുറത്തു നിന്നും ഒട്ടേറെ ആളുകൾ വന്ന് പോകുന്നുണ്ട്. ആരെന്നും എന്തെന്നും തിരിച്ചറിയാൻ കഴിയാത്ത ആളുകൾ ഇങ്ങനെ കടന്നു വരുന്നത് അതീവ ഗൗരവമായ കാര്യമാണ്.
കോഴിക്കോട് മുതലക്കുളം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്റെ നടത്തിപ്പിനായി കോഴിക്കോട് ജില്ലയിലെ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥന്മാരിൽ നിന്ന് പ്രതിമാസം 20 രൂപവീതം സമാഹരിച്ച് ക്ഷേത്ര ചെലവിനായി കണ്ടെത്തുന്നത് ഇപ്പോൾ മാധ്യമ വാർത്തയായി വന്നിരിക്കുന്നു. വ്യത്യസ്ത ജാതി – മത ചിന്തയിലുള്ളവരും, ജാതി – മത വിശ്വാസം ഇല്ലാത്തവരും, വിശ്വാസികൾ എന്നപോലെ അവിശ്വാസികളും പോലീസിലുണ്ട്. ഈ സാഹചര്യങ്ങളിൽ അവരവരരുടെ വിശ്വാസം വ്യക്തി ജീവിതത്തിലേക്ക് മാത്രം ചുരുക്കി, മുഴുവൻ പോലീസുദ്യോഗസ്ഥന്മാരും ഒരു മനസ്സോടെ പ്രവർത്തിച്ചുവരുന്ന നാടാണ് കേരളം എന്ന അഭിമാന ബോധം നമുക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പണപ്പിരിവും, അമ്പലം നടത്തിപ്പും എന്തിന് പോലീസ് ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇത് തീരുമാനമെടുക്കേണ്ടവർ ഗൗരവമായി പരിശോധിച്ച് ശരിയായ തീരുമാനത്തിലേക്ക് എത്തേണ്ടതാണ്.
രാജഭരണ കാലത്തെ തിരുശേഷിപ്പ് എന്ന നിലയിൽ ആചാരങ്ങളായി കാണുന്ന ഒട്ടേറെ അനാചാരങ്ങൾക്കൊപ്പം സമീപകാലത്ത് ചിലർ ആരംഭിച്ച ചില രീതികൾക്കും ഇന്ന് പോലീസിനെ ഉപയോഗിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. അതും പരിശോധിക്കപ്പെടേണ്ടതാണ്. ആരാധനാലയങ്ങളിൽ എത്തിച്ചേരുന്നവർക്കുള്ള സുരക്ഷയും , അവിടുത്തെ ക്രമസമാധാന പരിപാലനവും പോലീസിന്റെ കടമ തന്നെയാണ്. അത് ഭംഗിയായി നിറവേറ്റുക തന്നെ വേണം. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ ഭക്തജനങ്ങളെ നിയന്ത്രിക്കാനും പോലീസിനെ ഉപയോഗിച്ചു വരുന്നു. ഇതിന് മറ്റ് സെക്യൂരിറ്റി ഏജൻസികളെ ഉപയോഗിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഇന്ന് കേരളത്തിൽ നിലവിലുള്ള SISF ബറ്റാലിയനിൽ നിന്ന് സംസ്ഥാന പോലീസിന്റെ സേവനം വാങ്ങാവുന്നതാണ്. തിരുപ്പതി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സ്വീകരിച്ചിട്ടുള്ള ഇത്തരം രീതികൾ കേരളത്തിലും സ്വീകരിക്കാവുന്നതാണ്.
സമീപകാലത്ത് ആരാധനാലയങ്ങൾ ശുചീകരിക്കാനും പോലീസിനെ ഉപയോഗിക്കുന്ന രീതി കേരളത്തിൽ നടന്നു വരുന്നുണ്ട്. ഇതിനോട് യോജിക്കാൻ നിർവ്വാഹമില്ല. ജില്ലാ ഭരണകൂടവും ആരാധനാലയങ്ങളുടെ നിയന്ത്രണത്തിനുള്ള സർക്കാർ സംവിധാനവും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളപ്പോഴാണ് ഇത്തരം പ്രഹസനങ്ങൾ ചിലർ നടത്തി വരുന്നത്. എല്ലാ വിഭാഗങ്ങളുടേയും ആരാധനാലയങ്ങളേയും വിശ്വാസികളേയും ഒരുപോലെ കണ്ട് അവരുടെ വിശ്വാസത്തിന് സംരക്ഷണം നൽകേണ്ട കടമയാണ് പോലീസ് നിറവേറ്റേണ്ടത്. അത് മാത്രമേ പോലീസ് ചെയ്യേണ്ടതുള്ളൂ.
ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്താൻ ആവശ്യമായ നടപടികൾ ഉണ്ടാകേണ്ടതാണ്. പോലീസ് ഉദ്യോഗസ്ഥർക്ക് അവരവരുടെ വിശ്വാസത്തിനും ഇഷ്ടത്തിനും അനുസരിച്ച് അവരവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. എന്നാൽ ഏതെങ്കിലും വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ പോലീസ് കോമ്പൗണ്ടിൽ ഉണ്ടാകേണ്ടതില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് നിർബന്ധിത പിരിവ് നടത്തി ആരാധനാലയ നടത്തിപ്പുകാരായി പോലീസ് വകുപ്പ് മാറേണ്ടതുമില്ല. ഏതെങ്കിലും ആരാധനാലയങ്ങളുടെ ശുചീകരണ തൊഴിലും പോലീസ് ഏറ്റെടുക്കേണ്ടതില്ല. അതിനെല്ലാം വേണ്ടിയുള്ള മറ്റ് സംവിധാനങ്ങളും വകുപ്പും കേരളത്തിൽ നന്നായി പ്രവർത്തിച്ചു വരുന്നുണ്ട്. അവരുടെ തൊഴിലവസരങ്ങൾ നശിപ്പിക്കുന്ന ഏജൻസിയായി പോലീസ് മാറാതിരിക്കട്ടെ.
സംസ്ഥാന പോലീസിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഇതിനുള്ള തീരുമാനങ്ങളും നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”. ചിത്രം . സി.ആർ. ബിജു