താമരശ്ശേരി: മലയോരജനതയുടെയും കർഷകരുടെയും പ്രശ്‌നങ്ങളിൽ ഇടപെട്ട് സാധാരണക്കാരുടെ ശബ്ദമായി ജീവിച്ച മാധ്യമപ്രവർത്തകനെയാണ് ടി.ഡി.സെബാസ്റ്റ്യൻ എന്ന ബേബി മാസ്റ്ററുടെ വിയോഗത്തിലൂടെ സമൂഹത്തിന് നഷ്ടമായതെന്ന് താമരശ്ശേരി പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. സമാന്തര വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകൾ പ്രവർത്തിക്കുകയും പിന്നീട് കോടഞ്ചേരി, തിരുവമ്പാടി, താമരശേരി, പുതുപ്പാടി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക പത്ര പ്രവർത്തനം ജീവിതസപര്യയാക്കുകയും ചെയ്ത സെബാസ്റ്റ്യന്റെ ജീവിതം നാടിന് ഒരു മാതൃകയാണെന്ന് യോഗം കൂട്ടിച്ചേർത്തു.
താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാൻ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. മലയോരജനതയ്ക്ക് വേണ്ടി വാർത്തകളെഴുതി ജനകീയ വിഷയങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധയാകർഷിച്ച ടി.ഡി.സെബാസ്റ്റ്യൻ മാതൃകാപരമായ മാധ്യമപ്രവർത്തനമാണ് കാഴ്ച വെച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
താമരശ്ശേരി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഉസ്മാൻ പി.ചെമ്പ്ര സ്വാഗതഭാഷണം നടത്തി. ടി.ആർ.ഓമനക്കുട്ടൻ അധ്യക്ഷനായ ചടങ്ങിൽ അജയ് ശ്രീശാന്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി.സംസ്ഥാന സമിതിയംഗം ഗിരീഷ് തേവള്ളി, സി.പി.എം താമരശ്ശേരി ഏരിയാകമ്മിറ്റിയംഗം സി.കെ.വേണുഗോപാൽ, വി.കെ.അഷ്‌റഫ്, പി.സി.റഹീം, വി.കെ.എ.കബീർ, മജീദ് ചുങ്കം, വിനോദ് താമരശ്ശേരി എന്നിവർ സംസാരിച്ചു. പി.കെ.സി.മുഹമ്മദ്, സോജിത്ത് കൊടുവള്ളി, വി.ആർ.അഖിൽ എന്നിവർ സന്നിഹിതരായി.