KERALAlocaltop news

കോഴിക്കോട് നഗരമധ്യത്തിൽ പട്ടാപ്പകൽ മാല പൊട്ടിച്ച പിടിച്ചുപറി സംഘത്തെ പോലീസ് പിടികൂടി

* ദൃശ്യം സിനിമയിലെ സീൻ പ്രചോദനമായി

 

കോഴിക്കോട്: എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും വെച്ച് ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച സംഘത്തെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസും നടക്കാവ് സബ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥും ചേർന്ന് സംയുക്തമായി അന്വേഷണം നടത്തി പിടികൂടി. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നാൽപതിലധികം സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അയ്യായിരം മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റയാണ് അന്വേഷണത്തിൻ്റെ ഭാഗമായി സിറ്റി ക്രൈം സ്ക്വാഡ് പരിശോധിച്ചത്. പോലീസിനെ കബളിപ്പിക്കാൻ പിടിച്ചുപറിക്കാർ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. 2013 ൽ ഇറങ്ങിയ സിനിമ ആവർത്തിച്ച് കണ്ടിട്ടാണ് പോലീസിന്റെ ചോദ്യംചെയ്യൽ എങ്ങനെ തരണം ചെയ്യാം എന്ന് മനസ്സിലാക്കിയത്. പിടിച്ചുപറി നടത്തിയ ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഞായറാഴ്ച രാത്രി സിനിമ കാണാൻ പോയത് തിങ്കളാഴ്ച രാത്രിയാണെന്നും അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടിൽ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് സ്ഥാപിക്കാൻ ശ്രമിച്ചത്. അതിനായി അയൽവാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമകണ്ടെന്ന് പറഞ്ഞ് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു. ടൗണിൽ മാല പൊട്ടിക്കാൻ കറങ്ങുന്നതിനിടെ ഫോൺ വന്നവരോടൊക്കെ വീട്ടിലാണെന്നാണ് പറഞ്ഞത്. തലേന്ന് കണ്ട സിനിമയുടെ ക്ഷീണമായതുകൊണ്ട് വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
പോലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ചതും സൈഡ് വ്യൂ മിറർ അഴിച്ചുമാറ്റിയതും പിന്നെ അവർ സ്വയം പ്രചരിപ്പിച്ച കഥയുമായിരുന്നു പ്രതികൾക്കുണ്ടായിരുന്ന ആത്മവിശ്വാസം. അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന പിടിച്ചുപറിയുടെ രഹസ്യം ചുരുളഴിഞ്ഞത്.
പിടിച്ചുപറിയിലൂടെ കിട്ടുന്ന പണം കൊണ്ട് ലഹരി വ്യാപാരം നടത്തി പെട്ടെന്ന് പണക്കാരാകുകയായിരു ലക്ഷ്യം.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നേതൃത്വത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.പ്രതികളെ നടക്കാവ് സബ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥ് അറസ്റ്റ് ചെയ്തു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് എസ്ഐ എസ്.പി. മുരളീധരൻ, നടക്കാവ് എ.എസ്.ഐ. പി.കെ.ശശികുമാർ, സിപിഒ ബബിത്ത്, സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ, കെ. ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close