കോഴിക്കോട് : മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടിക്കൽത്താഴം,പേരാമ്പ്രയിലെ നടുവണ്ണൂർ എന്നിവിടങ്ങളിലുള്ള സ്വർണ്ണകടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടികൊണ്ടുപോയി തടവിൽ പാർ
പ്പിച്ച് മർദ്ദിച്ച് സ്വർണ്ണം ആവശ്യപ്പെട്ട ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നാല് പ്രതികളെ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നിലാലു എം എൽ, സബ്ബ് ഇൻസ്പെക്ടർ രമേഷ് കുമാർ.എ എന്നിവരുടെ നേതൃത്തിൽ അറസ്റ്റു ചെയ്തു.
27.04.2022 തിയ്യതി ദുബായിൽ നിന്നും ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറെത്തറ കൂത്താളി വീട്ടിൽ അബ്ദുൾ നിസാർ സ്വർണ്ണം ഉടമസ്ഥർക്ക് നൽകാതെ വിമാനത്താവളത്തിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് അബ്ദുൾ നിസാറിനെ സ്വർണ്ണകടത്ത് സംഘങ്ങൾക്ക് ഏർപ്പാടാക്കി കൊടുത്ത പേരാമ്പ്ര സ്വദേശി വെള്ളിയൂർ പോറോളി വീട്ടിൽ മുഹമ്മദ് ഷഹീറിനെയും,മായനാട് സ്വദേശി തയ്യിൽത്താഴം വീട്ടിൽ ഫാസിലിനെയും സ്വർണ്ണകടത്ത് സംഘം തട്ടികൊണ്ടു പോവുകയും കരിയറായ അബ്ദുൾ നിസാറിൽ നിന്നും സ്വർണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കിൽ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഈങ്ങാപ്പുഴയ്ക്കടുത്തുള്ള ഒരു അജ്ഞാത കേന്ദ്രത്തിൽ തടവിൽ പാർപ്പിക്കുകയും ഇവരുടെ വീട്ടുകാരോട് സ്വർണ്ണമോ അല്ലെങ്കിൽ അതിനു തുല്യമായ പണമോ തന്നില്ലെങ്കിൽ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും പോലീസ് പിൻ തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ തട്ടികൊണ്ടു പോയവരെയും കൊണ്ട് മൈസൂരിലെത്തുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരിൽ നിന്നും ഒരു ചെറിയ മൊബൈൽ ഫോൺ വാങ്ങി പ്രതികളിലൊരാളുടെ സിംകാർഡ് ആ ഫോണിലിട്ട് ദൃശ്യം സിനിമ സ്റ്റൈലിൽ മൈസൂരിൽ നിന്നും ജയ്പൂരിലേക്ക് പോകുന്ന ട്രെയിനിലെ വെയിസ്റ്റ് ബാസ്ക്കറ്റിൽ നിക്ഷേപിച്ച് ശേഷം ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു.
എന്നാൽ ഇത് പോലീസിലെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം കൃത്യമായ ആസൂത്രണത്തിലൂടെ ബാഗ്ലൂരിലെ മജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജിൽ നിന്നും പ്രതികളായ മലപ്പുറം തയ്യിലക്കടവ് ഇല്ലിക്കൽ വീട്ടിൽ കോയക്കുട്ടിയുടെ മകനായ മുഹമ്മദ് സമീർ (31 വയസ്സ്) മലപ്പുറം തയ്യിലക്കടവ് പൂനാടത്തിൽ വീട്ടിൽ അപ്പു കുട്ടൻ്റെ മകനായ ജയരാജൻ (51 വയസ്സ്) കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കൽ വീട്ടിൽ ഉണിച്ചുണ്ടൻ്റെ മകനായ രതീഷ് (32 വയസ്സ് ) എന്നിവരെയും ഇവർക്ക് വാഹനം എത്തിച്ചു കൊടുത്ത തയ്യിലക്കടവ് വീട്ടിലെ കോയക്കുട്ടിയുടെ മകനായ റൌഫ് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഫാസിലിനെയും ഷബീറിനെ യും തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് കാറുകളും അന്വേഷണ സംഘം കണ്ടെടുത്തു
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണം കടത്തിയ സംഘത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഈ കേസുമായി ബന്ധമുള്ള മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ സുദർശൻ അറിയിച്ചു.
അന്വേഷണ സംഘത്തിൽ വനിത എഎസ്ഐ സമീമ, സിപിഒ അരുൺ, സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ,സുമേഷ് ആറോളി,അർജ്ജുൻ അജിത്ത്, കെ.അഖിലേഷ്, സൈബർ സെല്ലിലെ രാഹുൽ എന്നിവരും ഉണ്ടായിരുന്നു.