KERALAlocaltop news

പട്ടാപ്പകൽ പന്തീരാങ്കാവിൽ മാല പിടിച്ചുപറിച്ചസംഘത്തെ പിടികൂടി

 

പന്തീരാങ്കാവ്: കുറ്റിക്കാട്ടൂർ മുതുവനത്താഴം റോഡിൽ ശിവസേന ഓഫീസിനു സമീപത്തുവച്ച് കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘത്തെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു.കെ.ജോസും ചേർന്ന് പിടികൂടി. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മഹന്ന മുഹമ്മദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നാൽപതിലധികം സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൻ്റെ ഭാഗമായി സിറ്റി ക്രൈം സ്ക്വാഡ് പരിശോധിച്ചത്. പോലീസിനെ കബളിപ്പിക്കാൻ പിടിച്ചുപറിക്കാർ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ചും സൈഡ് വ്യൂ മിറർ അഴിച്ചുമാറ്റിയും അന്വേഷണ സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പഴുതടച്ച അന്വേഷണത്തിൽ പ്രതികൾ പോലീസിന്റെ പിടിയിലാകുകയായിരുന്നു. നടക്കാവ് എരഞ്ഞിപ്പാലത്ത് സരോവരത്ത് വീടിനു സമീപം നിൽക്കുകയായിരുന്ന യുവതിയുടെ നാലര പവൻ സ്വർണമാല പിടിച്ചുപറിച്ചതും ഇതേ സംഘം തന്നെയായിരുന്നു.
ഒരേ ദിവസം തന്നെ രണ്ടിടങ്ങളിൽ മാല പിടിച്ചുപറിച്ച് കുപ്രസിദ്ധരായ പിടിച്ചുപറി സംഘത്തെ പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ അറസ്റ്റ് ചെയ്തു. മാറാട് പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളിലും നിരോധിത മയക്കുമരുന്നായ കഞ്ചാവ് ഉപയോഗിച്ചതിനും സൽമാൻ ഫാരിസിനെതിരെ കേസ് നിലവിലുണ്ട്. മാറാട് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൽമാൻ ഫാരിസ് നല്ലനടപ്പ് ജാമ്യത്തിലാണ്. കഞ്ചാവ് ഉപയോഗിച്ചതിന് മെഹന്ന മുഹമ്മദിനെതിരെയും പോലീസ് കേസെടുത്തിരുന്നു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് സി.പി.ഓ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close