KERALAlocaltop news

അന്തർജില്ലാ വാഹനമോഷണസംഘത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ

കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് വാഹനങ്ങൾ സ്കെച്ച് ചെയ്തു നൽകുകയും വാഹനങ്ങൾ മോഷണം നടത്തുകയും ചെയ്യുന്ന യുവാവ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിൻ്റെയും കസബ പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായി. മലപ്പുറം പുളിക്കൽ സ്വദേശി അജിത് (21 ) ആണ് പിടിയിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അജിത്ത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ്റെ നിർദ്ദേശപ്രകാരം നടന്ന രാത്രികാല പ്രത്യേക വാഹനപരിശോധനയിലാണ് പ്രതിയെ കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. നഗരത്തിൽ വർദ്ധിച്ചു വരുന്ന വാഹനമോഷണങ്ങളെകുറിച്ചും സമാനമായ വാഹനമോഷണ സംഘങ്ങളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ഇഷ്ടപ്പെട്ട വാഹനം കണ്ടാലുടൻ കിലോമീറ്ററുകളോളം വാഹനത്തെ പിൻതുടർന്ന് ഉടമസ്ഥൻ്റെ കൺവെട്ടത്തുനിന്നും മാറിയാൽ നിമിഷങ്ങൾ കൊണ്ട് വാഹനം മോഷ്ടിച്ചെടുക്കുന്ന സംഘത്തിൽ പെട്ടയാളാണ് പിടിയിലായ പുളിക്കൽ അജിത്ത്. പെൺ സുഹൃത്തുക്കളുടെ മുന്നിൽ ഷൈൻ ചെയ്യാനാണ് മോഷ്ടിച്ച വാഹനം ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങൾ മറ്റ് മോഷണങ്ങൾക്കായോ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തിനായോ ഉപയോഗിച്ചിട്ടുണ്ടോ എന്നും കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിൻ്റെ നേതൃത്വത്തിൽ അന്വേഷിച്ചു വരികയാണ്.
വാഹനം സ്കെച്ച് ചെയ്തശേഷം കൂട്ടാളികളോടൊപ്പമാണ് വാഹനം ലോക്ക് പൊട്ടിച്ചും കള്ളത്താക്കോലിട്ടും കടത്തിക്കൊണ്ടു പോകുന്നത്.
വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വാഹനമോഷണത്തിനും ഇതോടെ തുമ്പുണ്ടായി. വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്ന പൾസർ 220 ബൈക്ക്, പന്നിയങ്കരയിൽ നിന്നും മോഷണം പോയ ഫസീനോ സ്കൂട്ടർ എന്നിവ സിറ്റി ക്രൈം സ്ക്വാഡിൻ്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഹാൻഡ് ലോക്ക് ചെയ്യാത്ത ബൈക്കുകളും സ്കൂട്ടറുകളുമാണ് എളുപ്പത്തിൽ മോഷ്ടിക്കാൻ കഴിയുന്നതെന്നും പ്രതി സമ്മതിച്ചു. പ്രതിയുടെ കൈയ്യിൽ നിന്നും മൂന്ന് കള്ളത്താക്കോലുകളും പോലീസ് പിടിച്ചെടുത്തു. ഇതിലെ ഒരു താക്കോൽ ഉപയോഗിച്ചാണ് പ്രതിയും സംഘവും ഫസീനോ സ്കൂട്ടർ മോഷണം നടത്തിയത്.
ആവശ്യം കഴിഞ്ഞാൽ ഹൈവേയുടെ അരികിലും ആളോഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിക്കാറാണ് പതിവ്. ഇഷ്ടപ്പെട്ട വാഹനം തുടർന്നും ഉപയോഗിക്കുന്നതിനായി ആളുകൾക്ക് സംശയം തോന്നാത്ത വിധം റോഡരികിൽ പാർക്ക് ചെയ്തിടുകയാണ് ചെയ്യാറ്. പാളയത്തുനിന്നും അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, കസബപോലീസ് സീനിയർ സിപിഓ മാരായ എൻ.രജീഷ്,പി.എം.രതീഷ്, കെ.വിപിൻ, മനോജ് വി.ഡി. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close