KERALAlocaltop news

അവശ്യമരുന്നുകൾ ഇനി ഡ്രോൺ വഴി വീട്ടിലെത്തും; നൂതന ആശയത്തിന് കൈകോർത്ത് ആസ്റ്റർ മിംസ് ആശുപത്രിയും സ്കൈ എയർ മൊബിലിറ്റിയും.

കോഴിക്കോട്:  രാജ്യത്തെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡ്രോൺ ഡെലിവറി പരീക്ഷണങ്ങൾ തുടങ്ങി. പ്രമുഖ ഡ്രോൺ-ടെക്‌നോളജി ലോജിസ്റ്റിക്സ് സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ചാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ ആദ്യമായി ഡ്രോൺ ഡെലിവറി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കൽ ലാബ് സാമ്പിളുകളും ഡ്രോൺ വഴി എത്തിച്ച്, പരീക്ഷണപ്പറത്തൽ വിജയകരമായി പൂർത്തിയാക്കി.

സ്കൈ എയറിന്റെ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തിൽ കോഴിക്കോട്ടു നിന്നായിരിക്കും വായുമാർഗം ഡെലിവറി ചെയ്യുക. വൈകാതെ തന്നെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്കൈ എയറിന്റെ നൂതന ഉൽപ്പന്നമായ സ്കൈ ഷിപ്പ് വൺ ഡ്രോൺ ആണ് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. മെഡിക്കൽ, ഡയഗ്നോസ്റ്റിക് സാമ്പിളുകളുടെ ഡെലിവറി വേഗത്തിലാക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഏറെ ഉപകാരപ്രദമാണെന്ന് സ്കൈ എയർ ഉൽപന്നങ്ങൾ തെളിയിക്കുന്നു. 5 ദിവസത്തെ BVLOS ട്രയലുകൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ ആസ്റ്റർ മിംസ് ആശുപത്രിയിലേക്കുള്ള രക്ത സാമ്പിളുകളും മരുന്നുകളും വഹിച്ചുള്ള അമ്പതോളം ഡ്രോൺ പറത്തലുകളാണ് സ്കൈ എയർ ലക്ഷ്യമിടുന്നത്.

താപനില നിയന്ത്രിതമായ പേലോഡ് ബോക്സുകളിൽ ആദ്യം മരുന്നും ഡയഗ്നോസ്റ്റിക് സാമ്പിളും കയറ്റിവയ്ക്കും. സ്കൈ എയർ കോൾഡ് ചെയിൻ പ്രൊഫഷണലുകളായിരിക്കും ഈ ജോലികൾ ചെയ്യുക. ഈ പേലോഡ് ബോക്‌സ് പിന്നീട് ഡ്രോണിൽ ഘടിപ്പിക്കുകയും നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക്, മുൻകൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ ആരോഗ്യമേഖലയ്ക്ക് അനുയോജ്യമാകുന്ന രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ആസ്റ്റർ കേരള- ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ഡ്രോണുകൾ സാധാരണയായി ഫിലിം, ഫോട്ടോ ഷൂട്ടുകൾക്ക് ഉപയോഗിച്ചാണ് നമ്മൾ കണ്ടിട്ടുള്ളത്. അതിനെ മരുന്നുകളും ലാബ് സാമ്പിളുകളും കൈമാറ്റം ചെയ്യാൻ എന്തുകൊണ്ട് ഉപയോഗിച്ചു കൂടാ എന്ന വിപ്ലവകരമായ ചിന്തയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതി വിജയകരമാകുന്നതോടെ ഡ്രോണുകൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ സംസ്ഥാനത്ത് ഉടനീളം വീടുകളിൽ അടക്കം എത്തിച്ചേരാനും മരുന്നുകൾ കൈമാറ്റം ചെയ്യാനും സാധിക്കുമെന്നും ഫർഹാൻ യാസിൻ വ്യക്തമാക്കി.

ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ സമ്പൂർണ ഡിജിറ്റലൈസേഷന്റെ തുടക്കമായിരിക്കും പദ്ധതിയെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ വിനീത് പുരുഷോത്തമൻ പറഞ്ഞു. ഡിജിറ്റൈസേഷനും, സാങ്കേതികവിദ്യയും, നൂതന ആശയങ്ങളും നടപ്പാക്കുന്നതിൽ എക്കാലത്തും മുൻപന്തിയിലുള്ള സ്ഥാപനമാണ് ആസ്റ്റർ. പരമ്പരാഗത രീതികളിൽ നിന്നും ഡിജിറ്റൽ വത്കരണത്തിലേക്കുള്ള ചുവടുമാറ്റം, ആരോഗ്യമേഖലയെ കാര്യക്ഷമമാക്കുന്നതോടൊപ്പം രോഗികൾക്ക് കൂടുതൽ പ്രയോജനകരമാവുകയും ചെയ്യും. പുതിയ സംരംഭത്തിൽ സ്കൈ എയറുമായി പങ്കാളിയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും വിനീത് പുരുഷോത്തമൻ അറിയിച്ചു.

ഡ്രോൺ ഡെലിവറി സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് ട്രയലുകളെന്ന് സ്കൈ എയർ മൊബിലിറ്റി സിഇഒ, അങ്കിത് കുമാർ വ്യക്തമാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ മരുന്നുകളും മറ്റും ഡെലിവറി ചെയ്യാനും, കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാകും. ആസ്റ്റർ മിംസ് പോലുള്ള ആശുപത്രി ശൃംഖലകൾക്ക് രോഗിയുടെ ആവശ്യങ്ങൾ പരിപൂർണമായി നിറവേറ്റാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഡ്രോൺ സംവിധാനങ്ങൾ സഹായകമാകും. ട്രയൽ റണ്ണുകൾ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ സേവന മേഖലയ്ക്ക് പുതിയ ദിശ നൽകുന്നതായിരിക്കുമെന്നും അങ്കിത് കുമാർ പറഞ്ഞു.

ഹെൽത്ത് കെയർ, ഡയഗ്‌നോസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ്, അഗ്രി-കമ്മോഡിറ്റി ഡെലിവറി തുടങ്ങി വിവിധ മേഖലകളുടെ മുഖം മിനുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോൺ ഡെലിവറി ലോജിസ്റ്റിക് സ്ഥാപനമായ സ്‌കൈ എയർ മൊബിലിറ്റി. സ്കൈ എയറും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സംയുക്തമായി നടത്തുന്ന ഈ പരീക്ഷണങ്ങൾ ഇന്ത്യയിലുടനീളമുള്ള ആരോഗ്യമേഖലയിൽ നാഴിക കല്ലാകുമെന്ന് ഉറപ്പ്.

ആസ്റ്റർ കേരള-ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, സ്കൈ എയർ മൊബിലിറ്റി സിഇഒ, അങ്കിത് കുമാർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ ഓഫീസർ വിനീത് പുരുഷോത്തമൻ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. എബ്രഹാം മാമൻ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രാജേഷ് കുമാർ. ജെഎസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close